ന്യൂയോർക്ക്: 'ടൈറ്റനോബോവ ' എന്ന് കേട്ടിട്ടുണ്ടോ ? ഭീകരനാണ്, കൊടുഭീകരൻ...ഒന്നും രണ്ടുമൊന്നുമല്ല, 50 അടിയാണ് ഈ കൂറ്റൻ പാമ്പിന്റെ നീളം. അമ്പതടിയോ! എന്ന് ആശ്ചര്യപ്പെടേണ്ട, ആളിപ്പോൾ ഭൂമിയിൽ ഇല്ല. എന്നാൽ, ഒരിക്കൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഭൂമിയിലുണ്ടായിരുന്നതാണ് ഇക്കൂട്ടർ. തെക്കേ അമേരിക്കയിലെ സെറെജോൻ കൽക്കരി ഖനിയിൽ നടത്തിയ ഗവേഷണങ്ങളിൽ നിന്നാണ് ടൈറ്റനോബോവയെ കുറിച്ചുള്ള വിവരം ശാസ്ത്രലോകം അറിയുന്നത്. 28 ടൈറ്റനോബോവകളുടെ ഫോസിലാണ് ഗവേഷകർ ഇവിടെ നിന്നും കണ്ടെത്തിയത്.
ടൈറ്റനോബോവ സെറെജോനെൻസിസ് എന്നാണ് ഇവയ്ക്ക് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്. ലോകത്ത് ഇതേവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാമ്പാണ് ടൈറ്റനോബോവ. 60 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ദിനോസറുകളുടെ കാലത്താണ് ഈ ഭീമൻമാർ ജീവിച്ചിരുന്നത്. 40 മുതൽ 50 അടി വരെ നിളം ഉണ്ടായിരുന്ന ഇവയ്ക്ക് ഏകദേശം 1135 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. ടൈറ്റനോബോവകളുടെ ശരീരത്തിന്റെ ഏറ്റവും വണ്ണം കൂടിയ ഭാഗത്തിന്റെ വ്യാസം 3 അടിയോളം വരും. അതായത് ഒരു മുനുഷ്യന്റെ അരയോളം പോക്കം! വേണ്ടി വന്നാൽ ഒരു പശുവിനെ ഒക്കെ കൂളായിട്ട് വിഴുങ്ങിക്കളയാനുള്ള കപ്പാസിറ്റി ഇക്കൂട്ടർക്ക് ഉണ്ടായിരുന്നു.
ടൈറ്റനോബോവയുടെ ഫോസിൽ ലഭിച്ച സെറെജോൻ ഖനി പ്രദേശം പ്രാചീനകാലത്ത് ചതുപ്പു നിലങ്ങൾ നിറഞ്ഞ വനമേഖലയായിരുന്നത്രെ. ഈ ഭീമൻ പാമ്പുകളുടെ വിഹാര കേന്ദ്രമായിരുന്നു അവിടം. അന്ന് തെക്കൻ അമേരിക്കൻ മഴക്കാടുകളിലെ ആവാസ വ്യവസ്ഥ വളരെ വ്യത്യസ്‌തമായിരുന്നു.
ഉഷ്‌ണ കാലവസ്ഥ ഇവയുടെ വലിപ്പത്തെ സ്വാധീനിച്ചിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇന്നത്തേതിൽ നിന്നും വ്യത്യസ്‌തമായി സെറെജോൻ പ്രദേശത്ത് 30 - 34 ഡിഗ്രി സെൽഷ്യസ് താപനില ആയിരുന്നിരിക്കണം. ശീതരക്ത ജീവികളായ പാമ്പുകൾക്ക് ശരീരത്തിനുള്ളിലെ ഉപാപചയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ചൂട് കാലാവസ്ഥ അനിവാര്യമാണ്. ഇതായിരിക്കണം ടൈറ്റനോബോവകൾ എന്ന ഭീമൻമാരുടെ നിലനിൽപ്പിനെ സ്വാധീനിച്ച ഘടകം. അനാക്കോണ്ടയെപ്പോലെ വിഷമില്ലാത്തവയായിരുന്നെങ്കിലും ഒരു മനുഷ്യനെ ഒന്നാകെ വിഴുങ്ങാൻ കഴിയുന്ന ഭീകരൻമാരായിരുന്നു ടൈറ്റനോബോവകൾ.