കടയ്ക്കാവൂർ: ടൂറിസം ഡിപ്പാർട്ടുമെന്റ് മൂന്ന് കോടി രൂപ ചെലവിൽ ആശാന്റെ ജന്മ ഗ്രാമമായ കായിക്കരയിൽ ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന കാവ്യ ഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 4.30 ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി, ടൂറിസം ഡിപ്പാർട്ടുമെന്റ് ഡയറക്ടർ ബാലകിരൺ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, സാംസ്കാകാരിക വകുപ്പ് ഡയറക്ടർ സദാശിവൻ നായർ, സാംസ്കാരിക ഉന്നതാധികാരസമിതി ചെയർമാൻ പ്രഭാകരൻ പഴശി എന്നിവർ പങ്കെടുക്കും. അസോസിയേഷൻ സെക്രട്ടറി വി. ലൈജു സ്വാഗതവും ട്രഷറർ ഭുവനചന്ദ്രൻ നന്ദിയും പറയും. ആശാൻ കവിതകളെ അടിസ്ഥാനമാക്കി നാല് സ്ക്വയറുകൾ, ബ്രീട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ ആദ്യ ചെറുത്തു നിൽപ്പ് സമരം നടന്ന അഞ്ചുതെങ്ങിനെ സ്മരിക്കുന്ന ചരിത്രഫലകം, ആശാന്റെയും ഗുരുദേവന്റെയും കവിതാ ഫലകങ്ങൾക്ക് സമീപം നടപ്പാത, ബഹുമുഖ പ്രതിഭയായ ആശാന്റെ പ്രവർത്തനങ്ങൾ ആലേഖനം ചെയ്ത ഫലകങ്ങൾ, മിനി ആഡിറ്റോറിയം നവീകരണം, കമ്മ്യൂണിറ്റി ടൊയ്ലറ്റ്, സീ വാളും കടൽ തീരവും മനോഹരമാക്കൽ, ആശാന്റെ കവിതകൾ ദിനവും കേൾക്കാവുന്ന ആഡിയോ എന്നിവയാണ് കാവ്യ ഗ്രാമം പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.