വർക്കല: താലൂക്കിലെ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പുതിയ ഓഫീസുകൾ അനുവദിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് സർക്കാർ തലത്തിൽ നിന്നുണ്ടാവുന്നതെന്ന് ആരോപണമുണ്ട്. 2014 ജനുവരി 15 നാണ് താലൂക്ക് പദവി വർക്കലയ്ക്ക് ലഭിച്ചത്. പദവി ലഭിച്ചിട്ടും താലൂക്കിന് വേണ്ട നിർണായക ഓഫീസുകളിൽ പലതും വർക്കലയിൽ കൊണ്ടുവരുന്നതിന് അധികൃതർക്ക് കഴിയുന്നില്ല. ജോയിന്റ് ആർ.ടി ഓഫീസ്, താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസ്, റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടി എൻജിനിയർ ഓഫീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ (ബിൽഡിംഗ്സ്) ഓഫീസ്, കയർ പ്രോജക്ട് ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ടൗൺ എംപ്ലോയ്മെന്റ് എക്ചേഞ്ച് ഓഫീസ്, സെയിൽസ് ടാക്സ് ഓഫീസ്, കോ - ഓപ്പറേറ്റീവ് എ.ആർ.ഓഫീസ്, ഡി.വൈ.എസ്.പി ഓഫീസ്, ഫുഡ് സേഫ്റ്റി ഓഫീസ് തുടങ്ങി നിരവധി ഓഫീസുകളാണ് വർക്കലയിൽ പ്രവർത്തന സജ്ജമാകേണ്ടത്. ഡി.വൈ.എസ്.പി, ജോയിന്റ് ആർ.ടി ഓഫീസുകൾ ഇല്ലാത്തതിലുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്. ക്രമസമാധാന പാലനത്തെയും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളെയും ഇത് ഏറെ ബാധിക്കുന്നുണ്ട്. താലൂക്കിലെ നിർണായക ഓഫീസുകളിൽ പലതും ഇപ്പോഴും ആറ്റിങ്ങലിലാണ് പ്രവർത്തിച്ചു വരുന്നത്. ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ ആറ്റിങ്ങലിലേക്ക് ദിവസങ്ങളോളം യാത്ര ചെയ്യേണ്ടി വരുന്നു. സിവിൽ സ്റ്റേഷനിൽ രണ്ട് നിലകളിലായി എട്ട് വലിയ ഓഫീസുകൾ പ്രവർത്തിക്കാനുള്ള മുറികളാണുള്ളത്. നിലവിൽ ഇവയിലെല്ലാം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടാം ഘട്ടം നിർമ്മാണം നടത്തുന്നതിനുള്ള കാലതാമസം നേരിടുന്നതുമൂലം പല ഓഫീസുകളും പ്രവർത്തിപ്പിക്കുനാകുന്നില്ല. അഞ്ചുനില കെട്ടിടത്തിനായിരുന്നു രൂപകല്പന ചെയ്തിരുന്നത്. സിവിൽസ്റ്റേഷന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും താലൂക്കിനാവശ്യമായ വിവിധ ഓഫീസുകൾ അനുവദിച്ച് പ്രവർത്തന സജ്ജമാക്കുന്നതിനും സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. |