കിളിമാനൂർ: ഉപജില്ലയിൽ സ്വകാര്യ സ്കൂളുകളിൽ നിന്നും അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക് വർദ്ധിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഉണ്ടായ അക്കാഡമിക- ഭൗതിക വളർച്ചയാണ് അടിസ്ഥാന കാരണം.
പൊതുവിദ്യാലയങ്ങളിൽ പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണമടക്കം സൗജന്യമായി ലഭിക്കുമ്പോൾ അൺ എയ്ഡഡ് സ്കൂളുകളിലെ ഭീമമായ ട്യൂഷൻ ഫീസും, വാഹന ഫീസും, മറ്റു ഫീസുകളും അടക്കം ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് 25000 മുതൽ 60,000 രൂപ വരെ ഒരു വർഷം ചെലവ് വരുന്നുണ്ട്. കഴിഞ്ഞ വർഷാവസാനം തന്നെ അടുത്ത വർഷത്തേക്കുള്ള ഫീസുകളുടെ ആദ്യഘഡു അടച്ച പല രക്ഷാകർത്താക്കളും ചെലവു കുറയ്ക്കലിന്റെ ഭാഗമായി കുട്ടികളെ പൊതു വിദ്യാലയത്തിലേക്ക് മാറ്റി ചേർത്തതായി പ്രധാനാദ്ധ്യാപകർ പറയുന്നു. ജൂൺ ഒന്നു മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച ഇ-ലേണിംഗ് സമ്പ്രദായം ഒരുപാട് കുട്ടികളെ പൊതു വിദ്യാലയത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. പൊതു വിദ്യാലയത്തിലെ അദ്ധ്യാപകരുടെ മേന്മകളും, മികച്ച പാഠ്യപദ്ധതിയും, വിനിമയ രീതിയും പൊതുസമൂഹത്തിൽ ആകെ ചർച്ച ചെയ്യപ്പെട്ടു. പൊതുവിദ്യാലയങ്ങളിൽ ഏകീകൃത പാഠ്യപദ്ധതി ആയതുകൊണ്ട് മാത്രമാണ് കേരളത്തിൽ ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാനായത്. അസാമിലെ വീട്ടിലിരുന്ന് അബ്സാനയും സബ്ദാം മാലിക്കും വിക്ടേഴ്സിന്റെ ഫസ്റ്റ് ബെൽ പാഠങ്ങൾ പഠിക്കുന്നതും അദ്ധ്യാപിക ടിന്റുവിന്റെ ഇടപെടലും ഇതിനോടകം തന്നെ സമൂഹ ശ്രദ്ധ ആകർഷിച്ചിരുന്നു. അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ സി.ബി.എസ്.ഇ സിലബസാണെങ്കിലും മാനേജ്മെന്റിന്റെ ഇഷ്ടാനുസരണം ഓരോ സ്കൂളിലും വ്യത്യസ്ത പബ്ലിക്കേഷന്റെ പാഠപുസ്തകങ്ങൾ പഠനത്തിനായി ഉപയോഗിക്കുന്നതുകൊണ്ടും ഏകീകൃത സ്വഭാവം ഇല്ലാത്തതിനാലും ഏകീകൃത ഓൺലൈൻ ക്ലാസുകൾ ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് രക്ഷാകർത്താക്കൾക്കിടയിൽ സംശയങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കണ്ടശേഷം ക്ലാസ് ഇഷ്ടപ്പെട്ട് പൊതുവിദ്യാലയത്തിൽ അഡ്മിഷൻ നേടിയ നൂറിലധികം വിദ്യാർത്ഥികൾ ഉപജില്ലയിൽ ഉണ്ടെന്ന് സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് പോജക്ട് കോ ഓർഡിനേറ്റർ വൈശാഖ് .കെ.എസ് പറഞ്ഞു.