june29b

ആറ്റിങ്ങൽ: അപകടത്തെ തുടർന്ന് ഏഴുവർഷമായി കിടപ്പിലായിരുന്ന ചലച്ചിത്ര സംവിധായകൻ ദിലീപ് കവലയൂർ സുഹൃത് സംഘത്തിന്റെ പിന്തുണയിൽ വീണ്ടും ആക്ഷൻ പറഞ്ഞു. ദിലീപ് സംവിധാനം ചെയ്‌ത അഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ' പ്രതീക്ഷ ' ഫേസ്ബുക്കിൽ റീലീസ് ചെയ്‌തു. കവലയൂർ കല്ലറ വീട്ടിൽ കുട്ടൻ കോൺട്രാക്ടർ – തുളസി ദമ്പതികളുടെ മകനായ ദിലീപ് കവലയൂർ പൊന്നുച്ചാമി, മുഖമുദ്ര, പൈ ബ്രദേഴ്സ്, ജൂനിയർ മാൻഡ്രേക്, ഗ്രാമ പഞ്ചായത്ത്, കുടുബ വാർത്തകൾ, സ്വസ്ഥം ഗൃഹഭരണം, സീനിയർ മാൻഡ്രേക്ക് തുടങ്ങിയ നിരവധി സിനിമകളിൽ സഹ സംവിധായകനായിരുന്നു. അലി അക്ബർ ഉൾപ്പെടെയുള്ള ചലച്ചിത്രകാരന്മാരോടൊപ്പം ദിലീപ് പ്രവർത്തിച്ചിട്ടുണ്ട്. കാണാക്കുയിൽ, താലി, ഇന്നലെ, സ്വന്തം, പവിത്ര ബന്ധം തുടങ്ങിയ സീരിയലുകളും സംവിധാനം ചെയ്‌തു. സിനിമ മാത്രം സ്വപ്‌നം കണ്ടിരുന്ന ദിലീപിനെ അടുത്തിടെ കാമറാമാൻ അയ്യപ്പനും കൂട്ടുകാരും വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതോടെയാണ് പ്രതീക്ഷ എന്ന ഷോർട്ട് ഫിലിം പിറന്നത്. ഓൾഡ് കാമറാ എയ്സ് എന്ന വാട്സ്ആപ്പ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിലാണ് ചിത്രം ഒരുങ്ങിയത്. നടക്കാൻ ബുദ്ധിമുട്ടുള്ള ദിലീപിനെ വീൽച്ചെയറിൽ ഇരുത്തിയാണ് ലൊക്കേഷനിലെത്തിച്ചത്. കൈപേശി എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ ആറ്റിങ്ങൽ സ്വദേശി ഷാജി .ടി.ടിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.