r

തിരുവനന്തപുരം: റേഷൻ കടകളിൽ വീണ്ടും പഴകിയ അരി വിതരണം ചെയ്യുന്നതിനെ കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പി.തിലോത്തമൻ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ 1892 ടൺ അരിയും 627.91 ടൺ ഗോതമ്പും കേടായെന്ന സപ്ളൈകോയുടെ റിപ്പോർട്ടിന്റെ നിജസ്ഥിതി അന്വേഷിക്കാനായി രൂപീകരിച്ച സാങ്കേതിക സമിതി റേഷൻ കടകളിൽ പഴയ അരി എത്തുന്നതിനെ കുറിച്ചും അന്വേഷിക്കും. ഗോഡൗണുകൾ കേന്ദ്രീകരിച്ചുള്ള റേഷൻ തിരിമറിയെക്കുറിച്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ, മൂന്ന് വർഷം വരെ പഴക്കമുള്ള ഉപയോഗശൂന്യമായ അരി വീണ്ടും റേഷൻ കടകളിലെത്തിച്ചു വിതരണം തുടങ്ങിയെന്ന വിവരം കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്തയാക്കിയ തുടർന്നാണ് അന്വേഷണം.

ഇന്നലെ സിവിൽ സപ്ളൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും കേരളകൗമുദി വാർത്തകളിലെ വിവരങ്ങളാണ് ചർച്ച ചെയ്തത്. വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ അലംഭാവം കാണിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പും യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ നൽകി. തിരുവനന്തപുരം ജില്ലയില റേഷൻ കടകളിൽ പഴയ അരി വിതരണം ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കാൻ ഒരുദ്യോഗസ്ഥ ശ്രമിച്ചു. വ്യക്തമായ അന്വേഷണ റിപ്പോർട്ട് വേണമെന്ന് വകുപ്പു സെക്രട്ടറിയും സിവിൽ സപ്ളൈസ് കമ്മിഷണറുമായ പി.വേണുഗോപാൽ ആവശ്യപ്പെട്ടു.

പഴകിയ റേഷൻ സാധനങ്ങൾ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടും ഇതുവരെ കാര്യമായ പരിശോധനകൾ നടന്നിരുന്നില്ല.

''ഗോഡൗണുകളിലും റേഷൻകടകളിലും പഴകിയ ധാന്യം സ്റ്റോക്കു ചെയ്യുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തിൽ വസ്തുത കണ്ടെത്തുന്നവിധത്തിൽ അന്വേഷണം നടക്കും''- പി.വേണുഗോപാൽ, കമ്മിഷണർ, സിവിൽ സപ്ളൈസ്