നടൻ ബാലയും താനും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾ തള്ളി ഗായിക അമൃത സുരേഷ്. പുതിയ സംഗീതസംരംഭത്തെക്കുറിച്ചുള്ള ആമുഖം അമൃത കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. എന്നാൽ അതിലെ പദപ്രയോഗങ്ങളെ തെറ്റായരീതിയിൽ വളച്ചൊടിച്ച് അമൃതയും ബാലയും വീണ്ടും ഒരുമിക്കുന്നുവെന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ വാർത്ത നൽകുകയായിരുന്നു.
അതിൽ യാതൊരു സത്യവുമില്ലെന്നും ബാലയുടെ പേര് പോലും പോസ്റ്റിൽ സൂചിപ്പിച്ചിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് അമൃത പറയുന്നത്. വ്യാജവാർത്തകളെ പരമാവധി അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്ന അമൃത ഇനി നിയമപരമായി ഇത്തരം വാർത്തകളെ നേരിടുമെന്ന് വ്യക്തമാക്കി. സംഗീതജീവിതത്തിലെ പുതിയ പ്രൊജക്‌ടിനെക്കുറിച്ചാണ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത്.
തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും ഇപ്പോൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് എന്നുമായിരുന്നു അതിൽ എഴുതിയത്. കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതിൽ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതെന്ന് അറിയില്ല. പോസ്റ്റ് ചെയ്ത് പിറ്റേ ദിവസം ഈ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് കണ്ടപ്പോൾ അക്ഷരാർഥത്തിൽ അത്ഭുതപ്പെട്ടുവെന്നാണ് അമൃതയുടെ പ്രതികരണം.
അമൃതക്ക് ഇത് ആദ്യത്തെ അനുഭവമല്ല. സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചരണം നേരത്തെയും പലതവണ ഗായിക നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രചാരണങ്ങളോട് പ്രതികരിച്ച് മടുത്തെന്നാണ് അമൃത പറയുന്നത്. ഇപ്പോൾ ഇത്തരത്തിൽ വരുന്ന വാർത്തകളൊന്നും ശ്രദ്ധിക്കാറില്ല. ആളുകൾ ഈ കാര്യങ്ങൾ കേട്ട് ആഘോഷിക്കുകയാണെങ്കിൽ അത് അങ്ങനെ തന്നെ നടക്കട്ടെ. ഒരുപാട് പേർ ഇതിനെക്കുറിച്ചു ചോദിച്ച് വിളിച്ചു. അവരോടു മറുപടി പറഞ്ഞ് മടുത്തെന്നും അമൃത പറഞ്ഞു.
മറുപടി പറഞ്ഞ് മടുത്ത അമൃത ഓരോ ദിവസവും കഴമ്പില്ലാത്ത കാര്യത്തെക്കുറിച്ചുള്ള ഫോൺകോളുകൾക്ക് മറുപടി പറയുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. തുണിത്തരങ്ങൾ വാങ്ങാൻ പോയ ശേഷം അന്നത്തെ ചിത്രങ്ങളോ വിഡിയോകളോ പോസ്റ്റു ചെയ്താൽ താൻ കല്യാണസാരിയെടുക്കാനാണ് പോയതെന്ന് പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും തലയിൽ കൈവച്ച് അമൃത പറയുന്നു.