china

ബീജിംഗ്: കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് 5,00,000 കടന്നു. ഇതിനിടെ രണ്ടാമതൊരു കൊവിഡ് തരംഗം രാജ്യത്തുണ്ടാകാതിരിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് ചൈന. അമേരിക്കയിൽ രോഗികളുടെ എണ്ണം കുത്തനെ കുതിച്ചുയരുമ്പോഴും യൂറോപ്യൻ രാജ്യങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും ചൈനയിൽ വീണ്ടും വൈറസ് സാന്നിദ്ധ്യത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

മദ്ധ്യ ചൈനയിൽ ബീജിംഗിന് സമീപമുള്ള ഹീബെ പ്രവിശ്യയിലെ ആൻക്സിൻ കൗണ്ടിയിലാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ 18 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിലാക്കിയിരിക്കുന്നത് നാല് ലക്ഷം പേരെയാണ്. ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല. അവശ്യ സാധനങ്ങളും മറ്റും വാങ്ങാൻ ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രം പുറത്തിറങ്ങാൻ അനുവാദമുണ്ട്. അതും ദിവസത്തിൽ ഒരു തവണ മാത്രം. വാഹനങ്ങളെല്ലാം നിരോധിച്ചിരിക്കുകയാണ്. ബീജിംഗിന് തെക്ക് 150 കിലോമീറ്റർ അകലെയാണ് ആൻക്സിൻ സ്ഥിതി ചെയ്യുന്നത്.

ഈ മാസം ആദ്യം ബീജിംഗിൽ പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നു. ബീജിംഗിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഒരു മാർക്കറ്റിൽ നിന്നുമായിരുന്നു പുതിയ കേസുകളുടെ ഉത്ഭവ സ്ഥാനം. തൊട്ടടുത്തുള്ള ലിയോനിംഗ്, ഹീബെ പ്രവിശ്യകളിലും വൈറസ് വ്യാപനം നടന്നിട്ടുള്ളതായി കണ്ടെത്തിയതോടെ രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവിനെ തടയാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുകയായിരുന്നു. ബീജിംഗിലെ മാർക്കറ്റിന് സമീപമുള്ള 11 പ്രദേശങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇവിടേക്ക് പ്രവേശിക്കാനോ ഇവിടം വിട്ട് പോകാനോ ആർക്കും അനുവാദമില്ല. പ്രദേശവാസികളെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചു. പ്രദേശവാസികൾക്ക് ആവശ്യമായ ആഹാരവും അവശ്യവസ്തുക്കളും വീടുകളിലെത്തിച്ചു നൽകും. ബീജിംഗിലുടനീളം 193 ടെസ്റ്റിംഗ് ബൂത്തുകൾ സ്ഥാപിച്ച് വ്യാപകമായി വൈറസ് സാന്നിദ്ധ്യം കണ്ടെത്താനുള്ള ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തി. 48 മണിക്കൂറിനുള്ളിൽ ബീജിംഗിൽ 76,000 ത്തിലധികം പേരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയതായി അധികൃതർ പറയുന്നു.

ബീജിംഗിൽ നടപ്പാക്കി വരുന്ന നിയന്ത്രണങ്ങൾ മികച്ച ഫലമാണ് നൽകുന്നതെന്ന് അധികൃതർ പറയുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. വ്യാപകമായ ടെസ്റ്റിംഗ് നടത്തിയതും രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തതും രോഗവ്യാപനം കുറയ്ക്കാൻ കാരണമായി. കഴിഞ്ഞ ദിവസം വെറും 8 പേർക്ക് മാത്രമാണ് ബീജിംഗിൽ രോഗം റിപ്പോർട്ട് ചെയ്തത്.കഴിഞ്ഞയാഴ്ച ഡസൻ കണക്കിന് പുതിയ കേസുകളായിരുന്നു ബീജിംഗിൽ കണ്ടെത്തിയത്. ഏകദേശം 80 ലക്ഷം ബീജിംഗ് നിവാസികൾ പരിശോധനകൾക്ക് വിധേയമായതായി പ്രാദേശിക ഭരണകൂടം പറയുന്നു.