കുഴിത്തുറ: ദിനം പ്രതി പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ കുഴിത്തുറയിൽ സമരം നടത്തിയ കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാർ, വിളവങ്കോട് എം.എൽ.എ വിജയധരണി എന്നിവരെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്‌തു. കൊവിഡ് കാലത്ത് സർക്കാർ ജനങ്ങളെ സഹായിക്കാതെ ദിനം പ്രതി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുകയാണെന്നും വില കുറച്ചില്ലെങ്കിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സമരം നടത്തുമെന്നും രാജേഷ് എം.എൽ.എ പറഞ്ഞു. കുഴിത്തുറ പോസ്റ്റ് ഓഫീസിന്റെ മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാവിലെ 10നാണ് സമരം തുടങ്ങിയത്. രാവിലെ 11ഓടെ തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെത്തി ജനപ്രതിധികളെയും നൂറോളം പ്രവർത്തകരെയും അറസ്റ്റുചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്തശേഷം ഇവരെ വിട്ടയച്ചു. പ്രതിഷേധ പ്രകടനത്തിൽ ജനപ്രതിനിധികൾ സാമൂഹിക അകലം പാലിച്ചിരുന്നില്ല. തമിഴ്നാട്ടിൽ കൊവിഡ് വ്യാപിക്കുമ്പോഴും നൂറുകണക്കിന് പ്രവർത്തകർ കൂട്ടംകൂടിയാണ് സമരത്തിൽ പങ്കെടുത്തത്.
|