mm-mani

തിരുവനന്തപുരം: നരസിംഹ റാവുവിന്റെ ജന്മദിന ശതാബ്‌ദി ആഘോഷം ഇന്നലെ ആരംഭിച്ചിരിക്കെ അദ്ദേഹത്തിനെതിരെ രൂക്ഷവിമ‌ർശനവുമായി വൈദ്യുതി മന്ത്രി എം.എം മണിയുടെ ഫേസ‌ബുക്ക് പോസ്റ്റ്. അയോദ്ധ്യയിലെ പള്ളി പൊളിക്കാനും മുസ്ലീങ്ങളെ വേട്ടയാടാനും ബി.ജെ.പിക്കും ആർ.എസ്.എസിനും ഒത്താശ ചെയ്‌തുകൊടുക്കുകയാണ് നരസിംഹറാവു ചെയ്‌തതെന്നാണ് മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

നരസിംഹറാവു പ്രധാനമന്ത്രിയായതിന് ശേഷമാണ് രാജ്യമൊട്ടാകെ വർഗീയത അപകടകരമായി വളർ‌ന്നതെന്നും എം.എം മണി ആരോപിക്കുന്നു. ഇന്നലെ നരസിംഹറാവുവിനെ അനുകൂലിച്ച് ബി.ജെ.പി വക്താവ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. കോൺഗ്രസും ഗാന്ധികുടുംബവും നരസിംഹറാവുവിനെ തിരസ്ക്കരിച്ചുവെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. തൊട്ടുപിന്നാലെയാണ് കോൺഗ്രസ് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനെതിരെ എം.എം മണി രംഗത്ത് വരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നരസിംഹ റാവുവിന്റെ ജന്മശതാ‌ബ്‌ദി കോൺഗ്രസ് നേതാക്കൾ കൊണ്ടാടുകയാണ്. നരസിംഹറാവുവിന് ഒരു വിശുദ്ധ പരിവേഷം നൽകാൻ ശ്രമിക്കുന്ന ഇക്കൂട്ടർ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. അയോധ്യയിലെ പള്ളി പൊളിക്കാനും രാജ്യത്തെമ്പാടും മുസ്ലീങ്ങളെ വേട്ടയാടാനും ബിജെപിക്കും ആർഎസ്എസ്സിനും ഒത്താശ ചെയ്തുകൊടുക്കുകയാണ് നരസിംഹ റാവു ചെയ്തത്. ഇത് കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതാക്കൾ ഓർക്കുന്നത് നന്നായിരിക്കും. അയോധ്യ പ്രശ്നത്തിൽ ജവഹർലാൽ നെഹ്റു സ്വീകരിച്ച നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് നരസിംഹ റാവുവിനു ശേഷം രാജ്യമാകെ വർഗീയത അപകടകരമായ നിലയിലേക്ക് ഉയർന്നത് എന്ന കാര്യവും മറക്കരുത്.