തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ഇന്ധനവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ പകൽക്കൊള്ള നടത്തുകയാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.പെട്രോൾ, ഡീസൽ വിലവർദ്ധനയ്ക്കെതിരെ കോൺഗ്രസ് പി.എം.ജിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ധന വിലവർദ്ധനയിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ അത്തരത്തിലുള്ള മണ്ടത്തരങ്ങൾക്ക് ഞങ്ങളെ കിട്ടില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ശത്രുക്കളാണെന്ന് അദ്ദേഹം പറഞ്ഞു.വില വർദ്ധനയിലൂടെ കേരളത്തിന് 2,300 കോടിയോളം രൂപ അധിക നികുതി വരുമാനം ലഭിക്കുന്നതിനാലാണ് സർക്കാർ ഇതിനെതിരെ സംസാരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവർ പങ്കെടുത്തു.