കോട്ടയം: ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്ന് ജോസ്.കെ.മാണി. കെ.എം മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ് തള്ളിപ്പറഞ്ഞത്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം എന്ന നിസാര കാര്യത്തിന്റെ പുറത്താണ് കേരള കോൺഗ്രസിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയത്. ഇതൊരു നീതിയുടെ പ്രശ്നമാണ്. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഇല്ലാത്ത ധാരണയുടെ പേരിലുളള തീരുമാനം രാഷ്ട്രീയ അനീതിയാണെന്നും ജോസ്.കെ.മാണി ആരോപിച്ചു.
മുന്നണിയിൽ ധാർമ്മികതയും നീതിയും നടപ്പായില്ല. ഒരായിരം തവണ പി.ജെ ജോസഫിനെ മുന്നണിയിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കെതിരെ നിരന്തരം പ്രസ്താവന നടത്തിയയാളാണ് പി.ജെ ജോസഫ്. ധാരണയും കരാറും എല്ലാവർക്കും ഒരു പോലെയാകണം. അടിച്ചേൽപ്പിക്കുന്നതല്ല ധാരണ. ഇല്ലാത്ത ധാരണയുണ്ടെന്ന് പറഞ്ഞെടുത്ത നടപടിയാണിതെന്നും ജോസ്.കെ.മാണി ആരോപിച്ചു.
യു.ഡി.എഫിന്റെ യോഗം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് പി.ജെ ജോസഫാണ്. ബോധപൂർവ്വമായിട്ടുള്ള ഒരു രാഷ്ട്രീയ അജണ്ട ഈ വിഷയത്തിലുണ്ട്. നാളെ രാവിലെ പത്തരയ്ക്ക് കൂടുന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം കേരള കോൺഗ്രസ് നിലപാട് വ്യക്തമാക്കും. ഇത് കേരള കോൺഗ്രസിന്റെ അഭിമാനത്തിന്റെ വിഷയമാണെന്നും ആരുടെ മുൻപിലും അടിയറവ് പറയില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു.
പി.ജെ ജോസഫിന്റെ ഭീഷണിക്ക് മുന്നിൽ നേതൃത്വം മുട്ടുമടക്കി. മാദ്ധ്യമങ്ങളിലൂടെയാണ് പുറത്താക്കിയ കാര്യം അറിഞ്ഞത്. മുന്നണിയിൽ നിന്ന് പുറത്താക്കിയ ശേഷം ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ല. ഇത് കേവലം ജില്ല പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തിന്റെ പ്രശ്നം മാത്രമല്ല. സെലക്‌ടീവ് നീതി അനീതിയാണ്. താൻ പരാതിപ്പെട്ടിട്ട് അതിൽ ഒരു നടപടിയും യു.ഡി.എഫ് സ്വീകരിച്ചില്ല. സ്ഥാനമല്ല നീതിയാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
വാത്തിക്കുടി പഞ്ചായത്തിലെ ധാരണ ജോസഫ് വിഭാഗം അട്ടിമറിച്ചു. യു.ഡി.എഫ് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഓടിയെത്തി മുന്നണിയെ നിലനിർത്തിയത് കെ.എം മാണിയാണ്. ചില തൽപര കക്ഷികൾക്ക് മാത്രം നീതി നൽകുന്നത് അനീതിയാണ്. യു.ഡി.എഫിന്റേതാണ് തീരുമാനമെങ്കിൽ അന്ത്യശാസനം നൽകാൻ പി.ജെ ജോസഫിന് ആരാണ് അധികാരം നൽകിയതെന്നത് വ്യക്തമാക്കണമെന്നും ജോസ്.കെ. മാണി കൂട്ടിച്ചേർത്തു.