alpaca

സ്റ്റോക്ഹോം : കൊറോണ വൈറസിന്റെ രണ്ടാം തരംഗ ഭീതിയിലാണ് ലോകരാജ്യങ്ങൾ. എന്നാൽ ഈ ഭീഷണിയെ മറികടക്കാനും സുരക്ഷിതമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാനും പുതിയൊരു പ്രതിവിധി മുന്നോട്ട് വയ്ക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ഒട്ടകങ്ങൾ ഉൾപ്പെടെയുള്ള കാമെലിഡ് വർഗത്തിലെ അംഗമായ ' അൽപാക'കളുടെ ശരീരത്തിലുള്ള ചെറിയ ആന്റിബോഡികളിലേക്കാണ് ഗവേഷകർ വിരൽ ചൂണ്ടുന്നത്. കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി ആർജ്ജിച്ച ഒരു അൽപാകയുടെ രക്തത്തിലെ നാനോബോഡികൾ കൊറോണ വൈറസിന്റെ പ്രവർത്തനം തടയുന്നതായി സ്വീഡൻ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഈ നാനോബോഡികൾ വൈറസുമായി കൂടിച്ചേരുകയും വൈറസിന്റെ ശക്തിയെ നിർവീര്യമാക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷിയുള്ള ടൈസൺ എന്ന 12 വയസുള്ള ജർമൻ അൽപാകയുടെ രക്തത്തിൽ നിന്നും വേർതിരിച്ചെടുത്ത ആന്റിബോഡികളുടെ സൂഷ്മ രൂപമായ നാനോ ബോഡികളിലാണ് ഗവേഷകർ ഇപ്പോൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. Ty 1 എന്നാണ് ഈ നാനോ ബോഡികൾക്ക് ഗവേഷകർ നൽകിയിരിക്കുന്ന പേര്. മനുഷ്യരിൽ ഈ നാനോബോഡികൾക്ക് പ്രതീക്ഷാവഹമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ടൈസണിന്റെ രക്തത്തിലെ നാനോബോഡികളിൽ നിന്നും നിർമിച്ച സവിശേഷ ആന്റി ബോഡികൾ കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസിനെ നിർവീര്യമാക്കുന്നതായി ഗവേഷകർ ലബോറട്ടറി പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ആന്റിബോഡികളിൽ നിന്നും ഒരു മരുന്ന് രൂപപ്പെടുത്താൻ സാധിക്കുകയാണെങ്കിൽ മനുഷ്യരാശിയെ കൊറോണയിൽ നിന്നും ഉടൻ രക്ഷപ്പെടുത്താനാകുമെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇതിന് ഇനിയും കാത്തിരിക്കണം. ഒരു ശാസ്ത്ര മാസികയിലാണ് ഗവേഷകർ തങ്ങളുടെ പഠന വിവരം പുറത്തുവിട്ടിരിക്കുന്നത്.

അൽപാകകളെ കൂടാതെ കാമെലിഡ് വർഗത്തിൽപ്പെട്ട ലാമകളും കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള ആന്റിബോഡികളുടെ നിർമാണത്തിനുള്ള ഗവേഷണങ്ങളിൽ മുൻ നിരയിലുണ്ട്.

കൊറോണ വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്ന ആന്റിബോഡികൾ ലാമകളുടെ രക്തത്തിൽ അടങ്ങിയിട്ടുള്ളതായി ഏപ്രിലിൽ ബെൽജിയത്തിലെ ഗെന്റിലെ വ്ലാംസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ബയോടെക്നോളജിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. നാലു വയസുകാരനായ 'വിന്റർ' എന്ന ലാമയിൽ നിന്നും ശേഖരിച്ച ആന്റിബോഡിയിലടങ്ങിയിരിക്കുന്ന നാനോബോഡികൾ കൊറോണ വൈറസിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളുമായി കൂടിച്ചേരുകയും വൈറസിനെ നിർവീര്യമാക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. മിഡിൽ ഈസ്‌റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS - മെർസ് ), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS - സാർസ് ) എന്നിവയ്ക്ക് കാരണമാകുന്ന കൊറോണ വൈറസുകൾക്കെതിരെയും ലാമകളുടെ ആന്റിബോഡികൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏതായാലും അൽപാകകളിലും ലാമകളിലും കണ്ടെത്തിയിരിക്കുന്ന നാനോബോഡികൾ പുതിയ വാക്സിൻ നിർമാണത്തിലേക്കുള്ള നാഴികകല്ലായേക്കുമോ എന്നാണ് ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.