വക്കം: പുളിവിളാകം ഗവ. എൽ.പി.സ്കൂൾ അടൂർ പ്രകാശ് എം.പി.സന്ദർശിച്ചു.സ്കൂളിന്റെ ശോചനീയാവസ്ഥ കഴിഞ്ഞ 14 ന് കേരളകൗമുദി വാർത്തയാക്കിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് സന്ദർശനമെന്ന് അടൂർ പ്രകാശ് പറഞ്ഞു. സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
117 വർഷം പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയാണിതെന്നും സ്കൂളിനോട് അവഗണന മാത്രമാണന്നും രക്ഷിതാക്കൾ എം.പിയോട് പറഞ്ഞു. 70 ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്. സ്മാർട്ട് ക്ലാസ് റൂമിനായി നിർമ്മിച്ച കെട്ടിടത്തിലാണിപ്പോൾ ക്ലാസ് നടക്കുന്നത്. ഇക്കുറി ഫിറ്റ്നസ് ഉണ്ടാകില്ലെന്ന് അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, സ്ഥലം എം.എൽ.എ കെട്ടിടത്തിന് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ കെട്ടിടം പൊളിക്കാൻ സ്കൂൾ അധികൃതർ ഗ്രാമപഞ്ചായത്തിന് കത്ത് നൽകുകയും ചെയ്തു എന്നാൽ ലോക്ക് ഡൗൺ വന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സ്കൂളിലെത്തിയ എം.പിക്ക് സ്കൂളിന്റെ ചാർജ് വഹിക്കുന്ന ഹണി ടീച്ചർ നിവേദനം നൽകി. വക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. ബിഷ്ണു, യു. പ്രകാശ് എന്നിവർക്കൊപ്പമാണ് എം.പി സ്കൂളിൽ എത്തിയത്.
വക്കം പുളിവിളാകം ഗവ. എൽ.പി.സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടുർ പ്രകാശ് എം.പിക്ക് ഹണി ടീച്ചർ നിവേദനം നൽകുന്നു.