li

റായ്പൂർ: ഇടിമിന്നലിൽ ഗുരുതരമായി പൊള്ളലേറ്റവരെ ചാണകത്തിൽ കുഴിച്ചിട്ട് ചികിത്സിച്ചതിൽ രണ്ടു യുവാക്കൾ മരിച്ചു. പൊള്ളലേറ്റ യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഛത്തീസ്ഗഡിലെ ഗോത്രവർഗക്കാരായ സുനിൽ സായ് (22), ചമ്പറാവുത് (20) എന്നിവരാണ് മരിച്ചത്.

ഛത്തീസ്ഗഡിലെ ഗോത്രവർഗ ഗ്രാമമായ ബാഗ്ബഹാരിലാണ് സംഭവം. റായ്പൂരിലെ ബാഗ്ബഹാർ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. മൂന്നു പേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം കഴുത്തറ്റം ചാണകത്തിൽ കുഴിച്ചിടുകയായിരുന്നു. പൊള്ളലേറ്റ ഭാഗം ഭേദമാക്കാൻ ചാണകത്തിന് ശക്തിയുണ്ടെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നതായി പൊലീസ് പറഞ്ഞു. ഗോത്രവർഗക്കാർ ഇവിടെ ഇപ്പോഴും അന്ധവിശ്വാസങ്ങളും പഴയ ആചാരങ്ങളുമായി കഴിയുകയാണ്. കാട്ടിനുള്ളിൽ കഴിയുന്ന ഇവർക്ക് നാട്ടിലുള്ള കാര്യങ്ങളെപ്പറ്റി ഒരു വിവരവമില്ല.