നെടുമങ്ങാട് : ബസ് കാത്തുനിന്ന യുവതിയുടെ പണമടങ്ങിയ ബാഗ് പിടിച്ചു പറിച്ചു കാറിൽ രക്ഷപ്പെട്ട അക്രമിസംഘം പൊലീസ് പിടിയിലായതായി സൂചന. നെടുമങ്ങാട് പത്താംകല്ല് സ്വദേശിയായ യുവാവ് ഉൾപ്പെട്ട നാലംഗ സംഘമാണ് കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച രാവിലെ വേങ്കവിള പ്ലാവറയിൽ ചാലച്ചേരി ശിശിരം വീട്ടിൽ ഉഷാഗീതയുടെ ബാഗാണ് പിടിച്ചുപറിച്ചത്. പ്ലാവറ ജംഗ്‌ഷനിൽ ഉഷാഗീത ബസ് കാത്തു നിൽക്കവേ, അവിടെ നിറുത്തിയിട്ടിരുന്ന കാറിൽ നിന്നിറങ്ങിയ യുവാവാണ് ബാഗ് തട്ടിയെടുത്ത് കാറിൽ രക്ഷപെട്ടത്. നാട്ടുകാർ മറ്റു വാഹനങ്ങളിൽ കാറിനെ പിന്തുടർന്നതോടെ ഇരിഞ്ചയത്തിനു സമീപം പണം എടുത്തശേഷം മോഷ്ടാക്കൾ ബാഗ് വലിച്ചെറിഞ്ഞു. പിന്നീട്, കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കാർ നെയ്യാറ്റിൻകരയ്ക്കു സമീപത്തു നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറിന്റെയും എസ്.ഐ സുനിൽഗോപിയുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ പിടിച്ചുപറി സംഘത്തിൽ കണ്ണികളായ രണ്ടു നെയ്യാറ്റിൻകര സ്വദേശികളും വലയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.