sivagiri

തിരുവനന്തപുരം: പ്രതിഷേധം ശക്തമായതോടെ,ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയിൽ നിന്ന്പിൻമാറാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തി. പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കുമെന്ന് ഡൽഹിയിൽ നിന്ന് ഇന്നലെ അറിയിപ്പുണ്ടായി.

സംസ്ഥാന സർക്കാരും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്നാണ് 69.47 കോടിയുടെ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതായുള്ള കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്ത മന്ത്രി, ഇതോടൊപ്പം റദ്ദാക്കിയ, സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും പ്രധാന ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം ദേവാലയങ്ങളെ ചേർത്ത് 85.23 കോടി ചെലവിൽ നടപ്പാക്കാൻ ഉദ്ദേശിച്ച സ്‌പിരിച്വൽ ടൂറിസം പദ്ധതിയും നടപ്പാക്കണമെന്ന് അഭ്യർത്ഥിച്ചു.

പദ്ധതി ഉപേക്ഷിക്കുന്നതായി കഴിഞ്ഞ മാസമാണ് സംസ്ഥാനത്തിന് കേന്ദ്രസർക്കാരിന്റെ അറിയിപ്പ് ലഭിച്ചത്. തുടർന്ന് ശക്തമായ പ്രതിഷേധമുയർന്നു. നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രത്തിന് കത്ത് നൽകി..കോൺഗ്രസിന്റെ ഒ.ബി.സി ഡിപ്പാർട്ട്മെന്റ് പ്രസിഡന്റ് സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ അരുവിപ്പുറത്ത് നിന്ന് ശിവഗിരിയിലേക്ക് ധർമ്മയാത്ര നടത്തുകയും, രാജ്ഭവന് മുന്നിൽ ഉപവസിക്കുകയും ചെയ്തു.സംസ്ഥാന ബി.ജെ.പി. ഘടകവും പ്രതിഷേധവുമായി രംഗത്തിറങ്ങി..

ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ശിവഗിരി, ചെമ്പഴന്തി,അരുവിപ്പുറം, കുന്നുംപാറ എന്നിവ ഉൾപ്പെടുത്തി ഐ.ടി.ഡി.സി മുഖേനയാണ് ടൂറിസം സർക്യൂട്ട് നിർമ്മിക്കുന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ശിലാസ്ഥാപനം നടത്തി. ഉദ്ഘാടനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ നേരത്തെ നിർവഹിച്ചു.

'ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്തെ ഏൽപിക്കണം. സ്‌പിരിച്വൽ ടൂറിസം പദ്ധതിയും നടപ്പാക്കണം' .

- മന്ത്രി കടകംപള്ളി സുരേന്ദ്രൻ

' പദ്ധതി റദ്ദാക്കിയ കേന്ദ്ര തീരുമാനം പിൻവലിച്ചത് സ്വാഗതാർഹം.. ഇത് ജനങ്ങളുടെ വിജയമാണ്'.

- പ്രതിപക്ഷ നേതാവ് ചെന്നിത്തല

'കെ.പി.സി.സി ഒ.ബി.സി. ഡിപ്പാർട്ട്‌മെന്റ് നടത്തിയ തുടർസമരങ്ങളുടെ വിജയമാണിത്'.

- സുമേഷ് അച്യുതൻ,

പ്രസിഡന്റ്

കേരള സർക്കാരിന്റെ അനാസ്ഥ കാരണം നഷ്ടപ്പെട്ട പദ്ധതി പുന:സ്ഥാപിക്കുന്ന കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന് നന്ദി - കേന്ദ്രമന്ത്രി വി.മുരളീധരൻ