തിരുവനന്തപുരം:കേരള കോൺഗ്രസിൽ കെ.എം. മാണിയുടെ വിയോഗത്തോടെ രൂക്ഷമായ ചേരിപ്പോരുകൾക്ക് പുതിയ മാനം നൽകി, അദ്ദേഹത്തിന്റെ മകൻ ജോസ് കെ .മാണി നേതൃത്വം നൽകുന്ന വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കി.
കഴിഞ്ഞ വർഷം ഒഴിവ് വന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എട്ട് മാസം ജോസ് വിഭാഗത്തിനും ശേഷിക്കുന്ന ആറ് മാസം ജോസഫ് വിഭാഗത്തിനുമായി പങ്കിടാനുള്ള മുന്നണി ധാരണ പാലിക്കാതിരുന്നതാണ് പുറത്താക്കലിലെത്തിച്ചത്. ഒഴിയാൻ മുന്നണി നേതൃത്വം പലവട്ടം ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം വഴങ്ങിയില്ല. രാജി വയ്ക്കണമെന്ന കടുത്ത നിലപാടിൽ ജോസഫും ഉറച്ചു നിന്നു. ഇന്നലെ പി.ജെ. ജോസഫുമായും മറ്റ് ഘടകകക്ഷി നേതാക്കളുമായും കൂടിയാലോചിച്ച ശേഷമാണ് കോൺഗ്രസ് നേതൃത്വം പുറത്താക്കൽ തീരുമാനമെടുത്തത്.ജോസ് കെ.മാണി വിഭാഗത്തിന് സഖ്യത്തിൽ തുടരാൻ അർഹതയില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു..നാളെ വൈകിട്ട് മൂന്നിന് വീഡിയോ കോൺഫറൻസ് വഴി ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ജോസ് വിഭാഗത്തെ പങ്കെടുപ്പിക്കില്ല. അവരുമായി ഇനി ചർച്ചയില്ലെന്നും കൺവീനർ വ്യക്തമാക്കി.
കേരള കോൺഗ്രസിലെ രൂക്ഷമായ അധികാരത്തർക്കത്തിന്റെ ഒടുവിലത്തെ വിഷയം മാത്രമാണ് കഴിഞ്ഞ മൂന്ന്
മാസമായി തർക്കം നിലനി്ന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ ധാരണ അംഗീകരിക്കാത്തത് കടുത്ത അച്ചടക്കലംഘനമാണെന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തി. ഇരുവിഭാഗങ്ങളുമായി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പലതവണ ചർച്ച നടത്തിയിരുന്നു. മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി നടന്ന ചർച്ചയിൽ ഒരു ഘട്ടത്തിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റുകൾ സംബന്ധിച്ച് ജോസ് കെ.മാണി ഉപാധി വച്ചു. എന്നാൽ, ആദ്യം രാജി, ചർച്ച പിന്നീടെന്ന നിലപാടിൽ ജോസഫ് ഉറച്ചുനിന്നു. ധാരണ പാലിക്കണമെന്നായിരുന്നു കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയുടെയും നിലപാട്. രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കഴിഞ്ഞയാഴ്ച കത്ത് നൽകിയിരുന്നു. എന്നിട്ടും വഴങ്ങാതിരുന്നതോടെ, അവിശ്വാസ പ്രമേയത്തിനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കത്തിന് മുന്നണി നേതൃത്വം മൗനാനുമതി നൽകിയിരുന്നു..
'ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കാനെടുത്ത തീരുമാനത്തിൽ ലാഭനഷ്ടത്തിന്റെ പ്രശ്നമില്ല. എല്ലാ മാന്യതയും നൽകി. ജനാധിപത്യ മാനദണ്ഡങ്ങൾ പാലിച്ചു. ഘടകകക്ഷികളുമായി ആലോചിച്ചാണ് തീരുമാനം. . മുന്നണിയിൽ തുടരണമെങ്കിൽ ധാരണ അംഗീകരിക്കുന്നുവെന്ന് പരസ്യമായി പറയണം'.
-ബെന്നി ബെഹനാൻ,
യു.ഡി.എഫ് കണവീനർ
' പ്രതിസന്ധികളിൽ മുന്നണിയെ സംരക്ഷിച്ചു പോന്ന കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയത്. . ഇത് ആത്മാഭിമാന പ്രശ്നമാണ്.അത് അടിയറവച്ച പാരമ്പര്യം ഞങ്ങൾക്കില്ല'.
-ജോസ് കെ.മാണി എം.പി
രാഷ്ട്രീയ സാദ്ധ്യതകൾ
1. യു.ഡി.എഫിൽ തിരിച്ചെത്താം
കാരണങ്ങൾ: രണ്ട് എം.പിമാരുള്ള യു.പി.എ ഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസുമായി ഇപ്പോഴും ബന്ധം. പുറത്താക്കൽ യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ. ജോസ് കെ.മാണിക്ക് രക്തസാക്ഷി പരിവേഷം
2. ഇടതുമുന്നണിയിൽ ചേക്കേറാം
പ്രതിബന്ധങ്ങൾ: പൊടുന്നനെ സ്വാഗതം ചെയ്യുന്നത് ഇടതുമുന്നണിക്ക് വെല്ലുവിളി. സി.പി.ഐയുടെ നിലപാട് നിർണായകം. കെ.എം. മാണിയുടെ തട്ടകമായ പാലാ മുന്നണിയിലെ എൻ.സി.പിയുടെ സിറ്റിംഗ് സീറ്റ്. ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിൽ എതിർപ്പ് ഉയരും
എൻ.ഡി.എയ്ക്ക് താല്പര്യം
കാരണം: ബി.ജെ.പിക്ക് കേരളത്തിൽ സ്വീകാര്യത കൂടുമെന്ന കണക്കുകൂട്ടൽ. രാജ്യസഭയിലും ലോക്സഭയിലുമായി രണ്ട് എം.പിമാരുടെ പിന്തുണ.
യു.ഡി.എഫ് പുറത്താക്കിയതിനാൽ എം.പിമാർക്കും എം.എൽ.എമാർക്കും സ്ഥാനം നഷ്ടമാവില്ല.
(ബി.ജെ.പി ദൂതർ വഴി ചർച്ച തുടങ്ങി).
ജോസ് ഗീബൽസ് : പി.ജെ ജോസഫ്
തിരുവനന്തപുരം: ജോസ് കെ. മാണിയെ യു.ഡി.എഫിൽ നിന്ന് ഒഴിവാക്കിയത് നീതിപൂർവ്വമായ തീരുമാനമെന്ന് പി. ജെ. ജോസഫ് പറഞ്ഞു. വാക്ക് പാലിക്കാത്ത ജോസ് ഗീബൽസാണ്. യു.ഡി.എഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ. പാലാ തിരഞ്ഞെടുപ്പിൽ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം അംഗീകരിക്കാതെ ജോസ് ഏകപക്ഷീയമായി തീരുമാനിച്ചു. പാലായിൽ തങ്ങൾ തെറ്റ് ചെയ്തുവെന്ന് പറയുന്നത് വസ്തുതയ്ക്ക് നിരക്കാത്തതാണ്.