pic1

നാഗർകോവിൽ: കഴിഞ്ഞ 10 ദിവസത്തിനിടയിൽ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കന്യാകുമാരി ജില്ലയിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന ആശങ്കയിലാണ് ജനങ്ങൾ. ഇന്നലെ വരെ ജില്ലയിൽ 415 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൂത്തൂർ തീരദേശ ഗ്രാമത്തിൽ ഇന്നലെ 13 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമത്തിൽ രോഗബാധിതരുടെ എണ്ണം 81 ആയി. തുടർന്ന് 8 ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോയില്ല. കന്യാകുമാരി ജില്ലയിൽ 54 തീരദേശ ഗ്രാമങ്ങളാണുള്ളത്. കഴിഞ്ഞ ആഴ്ച തൂത്തുക്കുടിയിൽ നിന്ന് വന്ന 18 വയസുകാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങളായ മൂന്ന് പേർക്കും, ഇടവക വികാരിക്കും രോഗം ബാധിച്ചു. ഇതോടെ സമൂഹ വ്യാപനമെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഗ്രാമത്തിൽ ഇതുവരെ 81 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് സമ്പർക്കത്തിലൂടെ കൊല്ലങ്കോട്, വള്ളവിള, നിദ്രവിള, കുളച്ചൽ, മാർത്താണ്ഡംതുറ തുടങ്ങിയ തീരദേശ ഗ്രാമങ്ങളിലും രോഗം പടരാൻ തുടങ്ങി. കുളച്ചലിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹാർബർ താത്കാലികമായി അടച്ചു. കഴുവൻതിട്ട, നാഗർകോവിൽ, കുലശേഖരം, തക്കല എന്നീ സ്ഥലങ്ങളിലും രോഗം പടരുകയാണ്. ജില്ലയിൽ നിലവിൽ 24 സ്ഥലങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ളത്.രോഗം സ്ഥിരീകരിക്കുന്നവരിൽ പലരുടെയും ഉറവിടങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിയാത്തതും, പൊതു സ്ഥലങ്ങളിലെത്തുന്നവർ സാമൂഹിക അകലം പാലിക്കാത്തതും രോഗ വ്യാപനം കൂടുമെന്ന ആശങ്കയുയർത്തുന്നു. ജില്ലാ ഭരണകൂടം ഉടൻ തന്നെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി രൂക്ഷമായേക്കും.

ആകെ കൊവിഡ് രോഗികൾ - 415

കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം - 24

ഫോട്ടോ- നാഗർകോവിലിൽ രോഗം സ്ഥിരീകരിച്ചയാളുടെ വീട് അണുവിമുക്തമാക്കുന്നു