തിരുവനന്തപുരം: കവർച്ചയ്ക്കിടെ ആറ്റിങ്ങൽ അവനവഞ്ചേരി കെെപ്പറ്റ് മുക്ക് പ്രസാദത്തിൽ മഞ്ജുവിനെയും അമ്മ സുകുമാരി അമ്മയെയും വെട്ടി പരിക്കേൽപ്പിച്ച പ്രതി കെെപ്പറ്റ്മുക്ക് സ്വദേശി അനി എന്ന കുമാറിനെ കോടതി ഒൻപത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 20 മാസം അധിക തടവ് അനുഭവിക്കണം. ആറ്റിങ്ങൽ സബ് കോടതി ജഡ്ജി പ്രസൂൻ മോഹനന്റേതാണ് ഉത്തരവ്.
പ്രതി പിഴ ഒടുക്കിയാൽ അതിൽ നിന്ന് അൻപതിനായിരം രൂപ വീതം മഞ്ജുവിനും സുകുമാരി അമ്മയ്ക്കും നൽകാൻ നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരിന്റെ ഇരകൾക്കുളള നഷ്ടപരിഹാര നിധിയിൽ നിന്ന് ആവശ്യമായ നഷ്ടപരിഹാരം മഞ്ജുവിനും സുകുമാരി അമ്മയ്ക്കും ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിലുണ്ട്.
2008 ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി പത്ത് മണിക്ക് വീടിന്റെ പിറകുവശം അടുക്കള ഭാഗത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന മഞ്ജുവിന്റെ മൂന്ന് പവൻ മാല പ്രതി പിടിച്ച് പറിച്ചിരുന്നു. മാല വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഞ്ജുവിന് വെട്ടേറ്റത്. മഞ്ജുവിനെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സുകുമാരി അമ്മയ്ക്ക് വെട്ടേറ്റത്. പ്രതിയെ തിരിച്ചറിഞ്ഞ സുകുമാരി അമ്മ അയാളുടെ പേര് വിളിച്ചപ്പോൾ ആളെ തിരിച്ചറിഞ്ഞെന്ന് ബോദ്ധ്യമായ പ്രതി ഇരുവരെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. വധശ്രമത്തിന് പ്രതിയെ കോടതി ഒൻപത് വർഷം കഠിന തടവിനും അൻപതിനായിരം രൂപ പിഴയ്ക്കും, കവർച്ചയ്ക്ക് അഞ്ച് വർഷം കഠിന തടവിനും അൻപതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതുകൊണ്ട് പ്രതി ഒൻപത് വർഷം തടവ് അനുഭവിച്ചാൽ മതി.
പ്രോസിക്യൂഷന് വേണ്ടി സർക്കാർ അഭിഭാഷക ബിന്ദു ഉമ്മർ ഹാജരായി.