തിരുവനന്തപുരം:രണ്ട് വർഷം കൊണ്ട് പത്ത് ലക്ഷം വൈദ്യുതവാഹനങ്ങൾ നിരത്തിലിറക്കി കേരളത്തിൽ ഗതാഗതവിപ്ലവമുണ്ടാക്കാനുള്ള ഇ-മൊബിലിറ്റി പദ്ധതിയാണ് വിവാദത്തിലായത്. രണ്ട് ലക്ഷം ഇരുചക്ര , 50,000 മുച്ചക്ര, 1000ചരക്ക് വാഹനങ്ങൾ, 3000ബസുകൾ, 100ഫെറിബോട്ടുകൾ എന്നിവ ഇറക്കി ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും,, അന്തരീക്ഷ മലിനീകരണം തടയുകയുമാണ് ലക്ഷ്യം.
ആദ്യഘട്ടമായി സ്വിറ്റ്‌സർലണ്ടിലെ കമ്പനിക്ക് 51ശതമാനം ഓഹരിവിഹിതം നൽകി കമ്പനിയുണ്ടാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ധനവകുപ്പ് എതിർത്തു.സ്വിറ്റ്‌സർലന്റിലെ നിയമസഭാംഗമായ കോഴിക്കോട്ടുകാരി സൂസൻതോമസിന്റെ മുൻകൈയിൽ സ്വിസ് ഇ-ബസ് നിർമ്മാതാക്കളുമായി ചേർന്ന് കമ്പനിയുണ്ടാക്കാനായിരുന്നു ശ്രമം. 49ശതമാനം ഓഹരി സർക്കാരിന്. ഈ കമ്പനി കേരളത്തിനായി ഇലക്ട്രിക് ബസുകളുണ്ടാക്കും. കേരളാ ആട്ടോമൊബൈൽസിനെയും ഇതിന്റെ ഭാഗമാക്കി. കഴിഞ്ഞ നവംബറിന് ശേഷം മൂന്നുവട്ടം സൂസൻ ഇവിടെയെത്തി ചർച്ചകൾ നടത്തി.
ആദ്യത്തെ നൂറ് ബസ് കമ്പനിയിൽ നിന്ന് വിലയ്ക്ക് വാങ്ങണം. ബസൊന്നിന് ഒന്നര മുതൽ രണ്ടരക്കോടി വരെ വില.. ശേഷിക്കുന്ന ബസുകൾ കേരളത്തിലുണ്ടാക്കും. രണ്ടാംഘട്ടത്തിൽ ഇരുപത്, മൂന്നാംഘട്ടത്തിൽ അമ്പത്, അവസാനഘട്ടത്തിൽ എൺപത് ശതമാനം നിർമ്മാണ പങ്കാളിത്തം കേരളത്തിന്. ബസ് നിർമ്മാണത്തിന് കൊച്ചിയിൽ നൂറേക്കർ സ്ഥലം കമ്പനിക്ക് നൽകും. ഗതാഗതസെക്രട്ടറി കെ.ആർ.ജ്യോതിലാൽ സ്വിസ് കമ്പനിയുമായി കരാറൊപ്പിടാനിരിക്കെയാണ് ധനവകുപ്പ് എതിർപ്പുന്നയിച്ചത്. ബസുകൾ വാങ്ങാൻ പണമെവിടെയെന്നും ,51ശതമാനം ഓഹരി നൽകിയാൽ സർക്കാരിന്റെ മേൽക്കൈ നഷ്ടമാവുമെന്നും പ്രിൻസിപ്പൽസെക്രട്ടറി സഞ്ജീവ് കൗശിക് ചോദ്യമുന്നയിച്ചതോടെ കമ്പനി വെള്ളത്തിലായി. പിന്നീടാണ് മുഖ്യമന്ത്രി യോഗം വിളിച്ച് ലണ്ടനിലെ പ്രൈസ് വാട്ടർ കൂപ്പർ കമ്പനിയെ കൺസൾട്ടന്റാക്കാൻ തീരുമാനിച്ചത്. കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി, കെ-ഫോൺ പദ്ധതികളുടെയും കൺസൾട്ടന്റ് ഇവരാണ്. കമ്പനി നാഷണൽ ഇൻഫോറ്റിക് സെന്ററിന്റെ എംപാനൽ ലിസ്റ്റിലുള്ളതിനാൽ ടെൻഡർ വേണ്ടെന്നാണ് സർക്കാർ നിലപാട്.
ഇ-മൊബിലിറ്റി
എല്ലാ വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുന്ന ആദ്യ സംസ്ഥാനം കേരളമാവും. സ്വകാര്യവ്യക്തികളെയും സംരംഭകരെയും കമ്പനികളെയും പങ്കാളികളാക്കും.. യൂണിറ്റിന് അഞ്ച് രൂപ നിരക്കിൽ സംസ്ഥാനത്താകെ ചാർജിംഗ് സ്റ്റേഷനുകൾ
പദ്ധതി ഇതുവരെ
തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് നഗരങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ താത്പര്യപത്രം ക്ഷണിച്ചു. ആറ് കോർപ്പറേഷനുകളിൽ ചാർജിംഗ് സ്റ്റേഷന് ടെൻഡറായി. സെക്രട്ടേറിയറ്റിൽ സ്റ്റേഷൻ നിർമ്മിച്ചു. 32പൊതുചാർജിംഗ് സ്റ്റേഷനുകൾക്കായി 8.2കോടിയുടെ ഭരണാനുമതി. ദേശീയപാതകളിൽ ഓരോ 25 കിലോമീറ്ററിലും നഗരങ്ങളിൽ അഞ്ച്കിലോമീറ്ററിലും .ചാർജിംഗ് സ്റ്റേഷനുകൾ.