നെയ്യാറ്റിൻകര : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിലും തുടർന്ന് കെ. ആൻസലൻ എം.എൽ.എ വിളിച്ചു കൂട്ടിയ താലൂക്ക് തല യോഗത്തിലും ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കാൻ കുളത്തൂർ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപം. എയർപോർട്ടിൽ പ്രവാസികൾ എത്തിയത് മുതൽ ക്വാറന്റൈൻ സെന്റർ ആയി തിരഞ്ഞെടുത്ത കുളത്തൂർ കോളേജിൽ പ്രവാസികളുടെ വരവ് എങ്ങനെയെങ്കിലും തടയുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും പ്രവർത്തിച്ചതെന്നാണ് ആക്ഷേപം. ഒരു വിഭാഗം ആൾക്കാരെ സംഘടിപ്പിച്ചുകൊണ്ട് പ്രവാസികളെ തടയാനും ഇവർ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു.
തുടർന്ന് അതിയന്നൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ ബഥനി കോൺവെന്റിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കുളത്തൂർ പഞ്ചായത്തിലെ പ്രവാസികളെ അയച്ചു. അതിയന്നൂർ പഞ്ചായത്തിലെ ഭരണസമിതിയെ ബന്ധപ്പെടാനോ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പങ്കാളിയാകാനോ കുളത്തൂർ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.