കഴക്കൂട്ടം: കഠിനംകുളം പുത്തൻതോപ്പ് സർക്കാർ ആശുപത്രിക്ക് മുന്നിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ സ്വദേശികളായ ഷാജി (46), അനിൽകുമാർ (45), ബൈജുകുമാർ (40), അജയകുമാർ (40), ഷാജി (27), ഷിയാസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. ആശുപത്രി പരിസരത്തെ മദ്യപാനം പൊലീസിനെ അറിയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് സംഘർഷത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസം മുമ്പ് ഇതേസ്ഥലത്ത് നടന്ന അക്രമത്തിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായ ഷാജി. പ്രദേശത്ത് സ്ഥിരമായി മദ്യപിച്ച് സംഘർഷമുണ്ടാക്കുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കഠിനംകുളം എസ്.എച്ച്. ഒ പി.വി. വിനീഷ് കുമാർ, എസ്.ഐമാരായ രതീഷ് കുമാർ, കൃഷ്‌ണപ്രസാദ്, ഷാജി ബിനു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.