തിരുവനന്തപുരം:രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതായി ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയ യു.ഡി.എഫ് നടപടി.
1982ൽ യു.ഡി.എഫിന് രൂപംനൽകുന്നതിന് നേതൃനിരയിലുണ്ടായിരുന്ന കെ.എം. മാണിയുടെ പേരിലുള്ള കേരള കോൺഗ്രസ് വിഭാഗമാണ് പുറത്തായത്. അതും മാണിയുടെ മകൻ ജോസ് കെ.മാണി നയിക്കുന്ന പക്ഷം. കെ.എം. മാണിയെയാണ് പുറത്താക്കിയതെന്ന ജോസ് കെ.മാണിയുടെ പ്രതികരണം, ഇതിലെ വൈകാരികതലം കണ്ടുതന്നെയാണ്.
നടപടി ധൃതിയിലായിപ്പോയെന്ന സന്ദേഹം മുന്നണിയിൽ ലീഗിലടക്കമുണ്ട്. യു.പി.എ ഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസ് സഖ്യത്തിലുള്ള ജോസ് വിഭാഗത്തിന് രണ്ട് എം.പിമാരും രണ്ട് എം.എൽ.എമാരുമുണ്ട്. രണ്ട് എം.പിമാരെ നഷ്ടപ്പെടുത്താൻ ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയിൽ യു.പി.എ തയാറാകുമോയെന്ന് കണ്ടറിയണം. ഹൈക്കമാൻഡ് നിലപാട് നിർണായകമാണ്. തങ്ങളുടെ തീരുമാനത്തിനൊപ്പം അഖിലേന്ത്യാനേതൃത്വം നിൽക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനനേതൃത്വം.
ജോസ് കെ മാണി വിഭാഗം മുന്നണിമര്യാദ ലംഘിച്ചതാണ് യു.ഡി.എഫ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ധാരണ പാലിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന പ്രാദേശിക വിഷയത്തിൽ ഇത്രയും കടുത്ത തീരുമാനം വേണമായിരുന്നോ എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്.
മുന്നണിമാറ്റത്തിനോട് ഇനി ജോസ് പക്ഷത്തുള്ള ആരെങ്കിലും എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യതയില്ല.
യു.ഡി.എഫിനും കോൺഗ്രസിനും ഈ തീരുമാനം വരുത്തിവയ്ക്കുന്നത് ചെറിയ നഷ്ടമല്ല. രണ്ട് എം.പിമാരിൽ രാജ്യസഭാ എം.പി സ്ഥാനം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് താലത്തിൽ വച്ച് നൽകിയതാണ്. കോൺഗ്രസിൽ കടുത്ത വിമർശനത്തിന് വഴിയൊരുക്കിയ തീരുമാനം. ആ നഷ്ടത്തിന്റെ മാനം അതിനാൽ വലുതാണ്.
കാത്തിരുന്ന് കാണാൻ
ഇടതുമുന്നണി
പുതിയ സംഭവവികാസങ്ങളെ കാത്തിരുന്ന് കാണാനാണ് സി.പി.എം തീരുമാനം. ജോസ് വിഭാഗത്തിന്റെ പിന്തുണ മദ്ധ്യതിരുവിതാംകൂറിൽ അവരാഗ്രഹിക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രണ്ടുപക്ഷത്തിലൊന്ന് വരുമെന്ന് കണക്കുകൂട്ടുകയും ചെയ്തിരുന്നു. എന്നാൽ, പൊടുന്നനെയൊരു വഴിത്തിരിവ് പ്രതീക്ഷിച്ചില്ല. ഇനി,
പെട്ടെന്നൊരു തീരുമാനം വേണ്ടിവരും. പക്ഷേ, എളുപ്പമാവില്ല കാര്യങ്ങൾ. സി.പി.ഐ നിലപാട് നിർണായകമാകും. മാണി ജീവിച്ചിരിക്കെ ഇടതിനോട് അടുക്കാൻ ശ്രമിച്ചപ്പോൾ തടയിട്ടത് സി.പി.ഐയാണ്. പാലാ ജോസിന് വിട്ടുകൊടുക്കുന്ന കാര്യത്തിലും തീരുമാനം എളുപ്പമാവില്ല. 50വർഷത്തിന് ശേഷം മാണിയില്ലാത്ത പാലായിൽ മാണിവിഭാഗത്തെ അട്ടിമറിച്ച എൻ.സി.പിയുടെയും മാണി സി.കാപ്പന്റെയും നിലപാട് നിർണായകമാവും.
നോട്ടമിട്ട് ബി.ജെ.പി
രാജ്യസഭയിൽ ഒരംഗം പോലും ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും വിലപിടിപ്പുള്ളതായതിനാൽ അവരും ജോസ് വിഭാഗത്തിൽ നോട്ടമിട്ടിട്ടുണ്ട്. ഇടനിലക്കാർ വഴിയുള്ള നീക്കങ്ങൾ ബി.ജെ.പി സജീവമാക്കിയിട്ടുണ്ട്. കേരളരാഷ്ട്രീയത്തിലെ സാദ്ധ്യത വേണ്ടെന്നുവച്ച് എൻ.ഡി.എയിലേക്ക് ജോസ് പോകുമോയെന്നത് ചോദ്യമാണ്.