കുളത്തൂർ: നഗരസഭയിലെ പൗണ്ടുകടവ് വാർഡിൽ പൊലീസ് പരിശോധന ശക്തമാക്കി. പൗണ്ടുകടവ് വാർഡിലേക്ക് പ്രവേശിക്കുന്ന കുളത്തൂർ അരശുംമൂട്, മുക്കോലയ്ക്കൽ, തമ്പുരാൻമുക്ക്, സ്റ്റേഷൻകടവ്, പുളിമൂട്, വേളിപാലം തുടങ്ങിയ ഭാഗങ്ങൾ പൂർണമായും അടച്ചിട്ടു. പാൽ, പച്ചക്കറി, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ,​ മെഡിക്കൽ സ്റ്റോറകൾ, റേഷൻ കടകൾ തുടങ്ങിയവ ഒഴികെയുള്ള കടകൾ തുറക്കാൻ പാടില്ല. 60 വയസ് കഴിഞ്ഞവരും 10 വയസിന് താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ല. അവശ്യ സാധനങ്ങൾക്കായി കുടുംബത്തിലെ ഒരാൾക്ക് ദിവസം ഒരുതവണ പുറത്തിറങ്ങാൻ അനുവദിക്കും. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വള്ളക്കടവ് സ്വദേശി റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു പൗണ്ടുകടവ് വാർഡിൽ നിരീക്ഷണം ശക്തമാക്കിയത്. ഇയാളുടെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്നും സ്രവം ശേഖരിക്കും. രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 1 വരെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്രവം ശേഖരിക്കുന്നത്.