jos-k-mani-

തിരുവനന്തപുരം: ബാർ കോഴക്കേസ് സൃഷ്ടിച്ച രാഷ്ട്രീയ കോലാഹലം കെട്ടടങ്ങിയ വേളയിലാണ് ഇപ്പോഴത്തെ ഇടതുസർക്കാരിന്റെ കാലത്ത് കെ.എം. മാണി യു.ഡി.എഫ് നേതൃത്വത്തോട് അകൽച്ച കാട്ടുകയും നിയമസഭയിൽ പ്രത്യേക ബ്ലോക്കായിരിക്കാൻ തീരുമാനിക്കുകയും ചെയ്തത്.

ബാർ കോഴക്കേസിൽ കോൺഗ്രസ് നേതൃത്വം പിന്നിൽ നിന്ന് കുത്തിയെന്ന വികാരമാണ് യു.ഡി.എഫിനോട് അകലാൻ പ്രേരിപ്പിച്ചത്. ചരൽക്കുന്നിൽ ചേർന്ന നേതൃത്വക്യാമ്പാണ് ആ തീരുമാനമെടുത്തത്. മുന്നണി വിട്ടുപോകണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തെ പി.ജെ. ജോസഫും കൂട്ടരും ശക്തമായി എതിർത്തതാണ് മുന്നണിയിൽ നിന്ന് മാറി പ്രത്യേക ബ്ലോക്കായിരിക്കാമെന്ന തീരുമാനത്തിൽ ഒതുങ്ങാൻ കാരണമായത്.

പിന്നാലെ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയനീക്കമുണ്ടായി. ഇടതുമുന്നണിയുടെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ അട്ടിമറിച്ച് മാണിപക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തി. കോൺഗ്രസിന് ഇത് കനത്ത ആഘാതമായി. ഇനി മാണിസാറില്ല, മാണി മാത്രം എന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് എം.എൽ.എ വികാരവിക്ഷോഭത്തോടെ കോട്ടയത്ത് പ്രതികരിച്ചു.

മാണിയെ സി.പി.എം ഇടതുമുന്നണിയിലേക്കടുപ്പിക്കുന്നുവെന്ന തോന്നൽ ശക്തമായപ്പോഴാണ് സി.പി.ഐ എതിർപ്പ് ഉയർത്തിയത്. ബാർകോഴക്കേസിൽ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് ഇടതുമുന്നണി മാറിയിട്ടില്ലെന്ന് സി.പി.ഐ പ്രഖ്യാപിച്ചതോടെ സി.പി.എം പ്രതിരോധത്തിലായി. സി.പി.ഐയെ മാണി തള്ളിപ്പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കടന്നുവന്നത് ഈ ഘട്ടത്തിലാണ്.

നിലപാട് വ്യക്തമാക്കാതിരുന്ന മാണി ഗ്രൂപ്പിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിൽ മുന്നണിയിലേക്ക് പുന:പ്രവേശിപ്പിക്കാൻ യു.ഡി.എഫ് നേതൃത്വം കഠിനാദ്ധ്വാനം നടത്തി. മാണിക്കായി കോൺഗ്രസ് കൈയിലിരുന്ന രാജ്യസഭാ സീറ്റ് ദാനം ചെയ്തത് കോൺഗ്രസിനകത്ത് വി.എം. സുധീരനടക്കമുള്ളവരുടെ കനത്ത എതിർപ്പാണ് ക്ഷണിച്ചുവരുത്തിയത്. ഒത്തുതീർപ്പ് ചർച്ചകൾക്ക് അന്ന് മുൻകൈയെടുത്തത് പി.ജെ. ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയുമായിരുന്നു.

ഇടതുസഹായത്തോടെ നേടിയ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് മാണി വീണ്ടും യു.ഡി.എഫിലെത്തി. അവസാന രണ്ട് വർഷത്തേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മാണിഗ്രൂപ്പിനെന്ന ഉപാധിയോടെ കോൺഗ്രസിന് വീണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. അവസാന രണ്ട് വർഷത്തിലെ അവസാനവർഷത്തിൽ പ്രസിഡന്റ് സ്ഥാനം മാണിഗ്രൂപ്പിനകത്തെ ജോസഫ് പക്ഷത്തിന് വേണമെന്ന ആവശ്യം ഉയർന്നു. അതു പിന്നീട് ആറുമാസത്തേക്ക് ചുരുക്കി. അതാണിപ്പോഴത്തെ തർക്കത്തിലേക്ക് നയിച്ചത്.