തിരുവനന്തപുരം: ഇ-മൊബിലിറ്റി ഹബിന് ഡി.പി.ആർ തയ്യാറാക്കാൻ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിയെ ഏൽപ്പിച്ചത് നടപടിക്രമങ്ങളെല്ലാം കൃത്യമായി പാലിച്ച് വിവിധ വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷമാണെന്നും ഒരു അസ്വാഭാവികതയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്റാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫൊമാറ്റിക്സ് സെന്റർ സർവീസസ് ഇൻ കോർപ്പറേറ്റഡ് (നിക്സി) എംപാനൽ ചെയ്തിട്ടുള്ളതാണ് ഈ കമ്പനി. വൈദ്യുത വാഹന ഉത്പാദന ഇക്കോ സിസ്റ്റത്തിന്റെ ലോജിസ്റ്റിക് പോർട്ടുകളുടെയും കൺസൾട്ടന്റായാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ തീരുമാനിച്ചത്.
കേന്ദ്രം അംഗീകരിച്ച മൂന്ന് കമ്പനികളെ ബസ് പോർട്ടുകൾ, ലോജിസ്റ്റിക് പോർട്ടുകൾ, ഇമൊബിലിറ്റിക്കുള്ള കർമ്മപദ്ധതി തയ്യാറാക്കൽ എന്നിവയുടെ കൺസൾട്ടന്റുകളായി തീരുമാനിച്ചിട്ടുണ്ട്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്, കെ.പി.എം.ജി അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഏണസ്റ്റ് ആന്റ് യങ് ഗ്ലോബൽ എന്നിവയാണവ. 2020 ഫെബ്രുവരി 20ന് ഗതാഗതവകുപ്പ് ഈ ഉത്തരവിറക്കി. ഓരോ ബസ് പോർട്ടുകൾക്കും 2.15 കോടി, ലോജിസ്റ്റിക് പോർട്ടുകൾക്ക് 2.09 കോടി, ഇ-മൊബിലിറ്റിക്കായി 82 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഇതെല്ലാം നടപടിക്രമങ്ങൾ പാലിച്ചാണ്. വൈദ്യുതി വാഹനനയം രൂപീകരിച്ചത് നടപ്പാക്കാനാണ്.
സാധൂകരിച്ച് മുഖ്യമന്ത്രി
ട്രാൻസ്‌പോർട്ട്, പ്ലാനിംഗ്, ധനകാര്യ വകുപ്പുകളിലെ പരിശോധനയ്ക്കു ശേഷമാണ് ഫയലിൽ അന്തിമ തീരുമാനമുണ്ടായത്.
സെബി വിലക്കിയ കമ്പനിക്കല്ല കരാർ കൊടുത്തത്.വിലക്കുള്ളത് പ്രൈസ് വാട്ടർഹൗസ് ആന്റ് കമ്പനി, ബംഗളൂരു എൽ.എൽ.പി എന്ന ആഡിറ്റ് സ്ഥാപനത്തിനാണ്. ഇത് കൺസൾട്ടിംഗ് കമ്പനിയാണ്
വിലക്കുനേരിട്ട കമ്പനിയാണ് മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകൾ ആഡിറ്റിങ്ങിൽ കണ്ടെത്തിയത്.
കേന്ദ്രം എംപാനൽ ചെയ്ത ഏജൻസിയെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതിൽ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ ഭാവി ആവശ്യമാണ് പുതിയ ട്രാൻസ്‌പോർട്ട് നയം.
വ്യവസായ, ധനകാര്യ, ഗതാഗത സെക്രട്ടറിമാർ യോഗം ചേർന്നശേഷം ഫയലിൽ ഉത്തരവുകൾ പുറപ്പെടുവിച്ചത് ചട്ടപ്രകാരമുള്ള എല്ലാ പരിശോധനയും കഴിഞ്ഞാണ്.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ പിന്തിരിയില്ല.
കേന്ദ്രപ്രതിരോധ, ആഭ്യന്തര മന്ത്റാലയം, ഐ.സി.എം.ആർ ഉൾപ്പെടെയുള്ളവയുടെ കൺസൾട്ടൻസി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണിത്.
തിരിച്ചടിച്ച് മുഖ്യമന്ത്രി
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൊച്ചി മുസിരിസ് ബിനാലെയെക്കുറിച്ച് പഠിക്കാൻ
കെ.പി.എം.ജിയെയും എയർകേരള പഠിക്കാൻ ഏണസ്റ്റ് ആന്റ് യംഗിനെയും കൺസൾട്ടന്റാക്കി.
ഗ്ലോബൽ ഇൻവെസ്റ്റ്മന്റ് മീറ്റ് നടത്താൻ എ.കെ.ആന്റണി കൺസൾട്ടന്റാക്കിയത് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെയായിരുന്നു
പഞ്ചാബിലെ ലുധിയാന സ്മാർട്ട്സിറ്റി, പുതുച്ചേരി സ്മാർട്ട് സിറ്റി എന്നിവിടങ്ങളിൽ കൺസൾട്ടന്റാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്. മഹാരാഷ്ട്ര സർക്കാർ എംപാനൽ ചെയ്തിട്ടുണ്ട്.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കും മുൻപ് പാർട്ടിയിലെ മുതിർന്ന നേതാക്കളോട് പ്രതിപക്ഷനേതാവിന് ചോദിക്കാമായിരുന്നു. വസ്തുതകളുമായി പൊരുത്തമില്ലാത്ത ആരോപണം. വികസനം തുരങ്കം വയ്ക്കുന്നവർക്ക് ഒത്താശ പാടരുത്.
-പിണറായി വിജയൻ
മുഖ്യമന്ത്രി
പരിഹാസവുമായി മുഖ്യമന്ത്രി (ഡക്ക്)
കാള പെറ്റെന്നു കേൾക്കുമ്പോൾ
പ്രതിപക്ഷം പാൽ കറക്കാൻ ഓടുന്നു
തിരുവനന്തപുരം: നാടിന്റെ വഴി മുട്ടിയാലും സർക്കാരിനെ ആക്രമിച്ചാൽ മതി എന്ന മാനസികാവസ്ഥയിലായ പ്രതിപക്ഷം, കാളപെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുകയല്ല പകരം പാൽ കറക്കാൻ ഓടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. അഞ്ചാംവർഷം എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആ ജാള്യം മറച്ചുവെക്കാനും സർക്കാരിന്റെ പ്രവർത്തനങ്ങളെ തളർത്താൻ കഴിയുമോ എന്നു നോക്കാനുമാണ്. ഒരു അന്വേഷണവും നടത്താതെ ഒരു ഉറപ്പുമില്ലാതെയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.
കൊവിഡിനെതിരായ പോരാട്ടത്തിൽ മറ്റെല്ലാം മാറ്റിവെച്ച് നാം ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. ലോകരാഷ്ട്രങ്ങൾ പോലും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിൽ മറ്റേതെങ്കിലും അജൻഡയ്ക്കു പിന്നാലെ പോകാൻ സർക്കാരിന് താത്പര്യമില്ല.
എന്നാൽ കൊവിഡ് പ്രതിരോധത്തെ തുരങ്കംവെക്കാനും ഏതു നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് പ്രതിപക്ഷശ്രമം. കെ.പി.എം.ജിക്ക് കൺസൾട്ടൻസി നൽകിയതിൽ അഴിമതി ആരോപിച്ചെങ്കിലും പിന്നീട് തിരുത്തി. റേഷൻ കാർഡുടമകളുടെ ആരോഗ്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്പ്രിംഗ്ളറിന് നൽകിയെന്ന ആരോപണത്തിൽ നിന്നും പിൻവാങ്ങി.
പ്രതിക്ഷ ആരോപണം കാരണം സ്പ്രിംഗ്ലർ കരാറിൽ ഒരു ഒരു പിൻവാങ്ങലുമില്ല കരാർ നിലനിൽക്കുന്നു. പമ്പയിൽ മണൽ നീക്കുന്നതിലും പിന്നോട്ടില്ല, ഈ മണൽ എങ്ങനെ ഉപയോഗിക്കണമെന്ന് പിന്നീട് തീരുമാനിക്കും.- മുഖ്യമന്ത്രി പറഞ്ഞു.
ടെക്നോസിറ്റിയിൽ കളിമൺ ഖനനത്തിന് അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പള്ളിപ്പുറത്ത് ടെക്നോസിറ്റി ഭൂമിയിൽ കളിമൺ ഖനനത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവിടെ നല്ല നിലയിൽ കളിമണ്ണ് ലഭ്യമാണ്. ടെക്നോസിറ്റി സ്ഥലത്ത് നിന്നും സോഫ്റ്റ് സോയിൽ എടുത്ത് പകരം ഹാർഡ് സോയിൽ നിക്ഷേപിക്കാനുള്ള നിർദ്ദേശം കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രോഡക്ട്സ് എന്ന പൊതുമേഖലാ സ്ഥാപനം മുന്നോട്ടുവച്ചിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടർ, മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ, ടെക്നോപാർക്ക് സി.ഇ.ഒ എന്നിവരടങ്ങുന്ന സമിതി പരിശോധന നടത്തി റിപ്പോർട്ട് നൽകി. സമിതിയുടെ നിർദ്ദേശപ്രകാരം അംഗീകരിക്കേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനിച്ചത്. ഇതിൽ എങ്ങനെ അഴിമതി ആരോപിക്കാനാകും.
കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ നൽകുന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഇപ്പോഴുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.