കൊച്ചി : അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നെട്ടൂർ സ്വദേശി സഹൽ ഹംസയെ (23) തെളിവെടുപ്പിനുശേഷം അന്വേഷണസംഘം ഇന്നലെ കോടതിയിൽ തിരിച്ച് ഹാജരാക്കി റിമാൻഡ് ചെയ്തു. എട്ടുദിവസത്തേക്കാണ് ഇയാളെ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നത്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വെണ്ടുരുത്തി പാലത്തിനു താഴെ കായലിലേക്ക് വലിച്ചെറിഞ്ഞെന്ന് സഹൽ മൊഴിനൽകിയിരുന്നു. ഇതനുസരിച്ച് കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ കോടതിയിൽ ഹാജരാക്കിയ സഹലിനെ കൊവിഡ് പരിശോധനയ്ക്കുശേഷം റിമാൻഡ് ചെയ്യാനാണ് കോടതി നിർദേശിച്ചത്.

എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ 2017 ജൂലായ് രണ്ടിനാണ് കാമ്പസ്‌ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ സഹൽ ജൂലായ് 18 നാണ് കോടതിയിൽ കീഴടങ്ങിയത്.