പാറശാല: വിദേശത്ത് നിന്നു മടങ്ങിയെത്തിയ വിഴിഞ്ഞം സ്വദേശികളെ ക്വാറന്റൈനിനായി പൊഴിയൂർ സെന്റ് മാത്യൂസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് പൊഴിയൂർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ധർണ നടത്തി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ പ്രവാസികളെ കെ.എസ്.ആർ.ടി.സി ബസിൽ പൊഴിയൂരിൽ എത്തിച്ചത്. വിവരമറിഞ്ഞ നാട്ടുകാരിൽ ഒരു വിഭാഗം അന്നുതന്നെ പ്രതിഷേധിച്ചിരുന്നു. പൊഴിയൂരിലെ കേന്ദ്രത്തിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ആകെയുള്ള 16 പ്രവാസികളിൽ രണ്ടു പേർ മാത്രമാണ് പ്രദേശ വാസികളായുള്ളത്. ബാക്കിയുള്ള 14 പേരും കോവളം നിയോജമണ്ഡലത്തിലുള്ളവരാണെന്നും നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ വിദേശത്ത് നിന്നു എത്തിയവരിൽ പൊഴിയൂർ സ്വദേശികളായ പ്രവാസികളെ നെല്ലിമൂട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചതിലും ദുരൂഹത ഉണ്ടെന്നാണ് ഇവരുടെ ആരോപണം. പൊഴിയൂർ ജംഗ്ഷനിൽ നടന്ന സായാഹ്‌ന ധർണ സി.പി.എം ഏരിയ കമ്മിറ്റി അംഗം ബി.അത്തനാസ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി എ.ഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.എസ്.സുരേഷ്, ആന്റക്സ്,എസ്.സ്റ്റീഫൻ.പി.ലീൻ,നമ്പിക്രോസ്, ഗിൽബെർട്ട് തുടങ്ങിയവർ പങ്കെടുത്തു.