തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ആശങ്കയിലായ തലസ്ഥാന ജില്ലയ്‌ക്ക് ഇന്നലെ സമ്പർക്കത്തിലൂടെ ആർക്കും രോഗം പകരാത്തത് ആശ്വാസമായി. നഗരത്തിൽ ഇന്നലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകളും ഇല്ല.

കൊവിഡ് സ്ഥീരികരിച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കരിക്കകം സ്വദേശിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഭാര്യയും മകനും ഉൾപ്പെടെയുള്ളവരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിച്ചത് അയാളുടെ മകനായിരുന്നു. നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ ഇന്നലെ ലഭിച്ച ഫലമെല്ലാം നെഗറ്റീവായിരുന്നു. അതേസമയം മണക്കാട്ടും പരിസര പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പുലർത്താനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. ഇവിടെ കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ പൊലീസ് രാത്രികാല പട്രോളിംഗും ആരംഭിച്ചു. മാർക്കറ്റുകളിൽ ഇന്നലെ പൊതുവേ തിരക്ക് കുറവായിരുന്നു. കൊവിഡ് ബാധിച്ച ഒരാൾ കടകളിൽ സിഗരറ്റ് വിതരണം ചെയ്‌തിരുന്നു. ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലം വരാനുണ്ട്.