barca-coach-setien

ഇൗ സീസണി​നൊടുവി​ൽ കോച്ച് ക്വി​ക്വെ സെറ്റി​യനെ പുറത്താക്കാൻ ബാഴ്സലോണ

മാഡ്രിഡ് : സൂപ്പർതാരം ലയണൽ മെസി കളിക്കുന്ന ബാഴ്സലോണയുടെ കോച്ചായി അധികകാലം വാഴാൻ ക്വിക്വെ സെറ്റിയന് കഴിയുമെന്ന് തോന്നുന്നില്ല. ജനുവരിയിൽ വൽ വെർദയുടെ പകരക്കാരനായി ബാഴ്സയിലെത്തിയ സെറ്റിയനെ ഇൗ സീസണിനൊടുവിൽ പറഞ്ഞുവിടാൻ ക്ളബ് മാനേജ്മെന്റ് തയ്യാറെടുക്കുകയാണെന്നാണ് അകത്തളങ്ങളിൽ നിന്ന് കേൾക്കുന്നത്.

മെസി ഉൾപ്പെടെ സൂപ്പർ താരങ്ങളുമായി ഒത്തുപോകാനാകാത്തതും ലോക് ഡൗണിന് ശേഷം ഇടിത്തീപോലെ രണ്ട് സമനിലകൾ വഴങ്ങി കിരീട സാധ്യത തുലാസിലായതുമാണ് സെറ്റിയന്റെ കസേരയ്ക്ക് ഇളക്കം തട്ടാൻ കാരണം.

കളിക്കാരുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് ജനുവരിയിൽ വൽവെർദയെ പറഞ്ഞുവിട്ട് സെറ്റിയനെ നിയമിച്ചത്. റയൽ ബെറ്റിസിന്റെ മുൻ കോച്ചായിരുന്ന സെറ്റിയൻ വന്നിട്ടും ബാഴ്സലോണയുടെ ഡ്രെസിംഗ് റൂമിൽ അപസ്വരങ്ങൾക്ക് കുറവില്ലെന്നാണ് ശ്രുതി. ലോക്ക് ഡൗണിന് മുമ്പ് മെസി സോഷ്യൽ മീഡിയയിലൂടെ പരസ്യമായി കോച്ചിനെ വിമർശിച്ചിരുന്നു. മത്സരാനന്തര പത്രസമ്മേളനങ്ങളിൽ കളിക്കാരെ കുറ്റപ്പെടുത്തിയതായിരുന്നു മെസിയെ പ്രകോപിപ്പിച്ചത്. ലോക്ക് ഡൗണിന് ശേഷം സെവിയ്യയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ ഇൗ സീസണിൽ തങ്ങൾക്ക് കിരീടം നേടാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പരസ്യമായി പറഞ്ഞ് സൂപ്പർതാരം ജെറാഡ് പിക്വെയും രംഗത്ത് വന്നിരുന്നു. ലൂയിസ് സുവാരേസിനും കോച്ചുമായി അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് സൂചനയുണ്ട്.

ഇതിനിടയിലാണ് ബാഴ്സ കഴിഞ്ഞദിവസം സെൽറ്റ ഡി വിഗോയുമായി 2-2ന് സമനില വഴങ്ങിയത്. ഇതോടെ ഒന്നാംസ്ഥാനം തുലാസി​ലായി​. ഇപ്പോൾ റയൽ മാഡ്രിഡ് രണ്ട് പോയിന്റ് ലീഡിലുമാണ്. ഇതോടെതന്നെ സെറ്റിയനെ പുറത്താക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇൗ സീസണിൽ ലാ ലിഗ കിരീടം നേടാൻ സെറ്റിയന് ഇനിയും അവസരമുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാംപാദ പ്രീക്വാർട്ടറിന് ഇറങ്ങാനിരിക്കുന്ന ടീമിന് അവിടെയും കിരീടം നേടാൻ ചാൻസുണ്ട്. പക്ഷേ ഇൗ രണ്ട് കിരീടങ്ങളും കിട്ടിയില്ലെങ്കിൽ സെറ്റിയൻ കുറ്റിയും പറിച്ച് പോകേണ്ടിവരും.