തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിൽ ടൂറിസം വകുപ്പിന്റെ മിനി ട്രെയിൻ പദ്ധതിക്കായി കൊണ്ടുവന്ന ബോഗികൾ ഇറക്കുന്നത് സംബന്ധിച്ച് യൂണിയനും ബോഗികൾ കൊണ്ടുവന്ന കമ്പനിയും തമ്മിൽ തർക്കം. അധിക കൂലി ആവശ്യപ്പെട്ടെന്നാണ് കമ്പനി പറയുന്നത്. തർക്കം പരിഹരിക്കാൻ തൊഴിലാളികളും കരാറുകാരുമായി ജില്ലാ ലേബർ ഓഫീസർ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഐ.എൻ.ടി.സി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ തൊഴിലാളി യൂണിയനുകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. തൊഴിലാളികൾ നേരിട്ടല്ല, ക്രെയിൻ ഉപയോഗിച്ചാണ് ബോഗികൾ ഇറക്കുന്നത്. അതിനാൽ കൂലി നൽകാനാവില്ലെന്നായിരുന്നു കരാറുകാരുടെ നിലപാട്. ജില്ല അസി. ലേബർ ഓഫീസറുടെ മദ്ധ്യസ്ഥതയിൽ നടന്ന അനുനയശ്രമവും പരാജയപ്പെട്ടു. പ്രശ്‌നം രൂക്ഷമായതിനെത്തുടർന്ന് വലിയതുറ പൊലീസും സ്ഥലത്തെത്തി. യൂണിനുകൾക്ക് സ്വന്തമായി ക്രെയിനുണ്ടെന്നും അത് ഉപയോഗിച്ച് ഇറക്കാമെന്നും യൂണിയൻ നിലപാടെടുത്തു. ചർച്ചയിൽ തീരുമാനമാകാത്തതിനാൽ മിനി ട്രെയിനിന്റെ ബോഡികൾ ഇന്നലെ ഇറക്കിയില്ല. ഇന്ന് യൂണിയനുമായി ലേബർ ഓഫീസർ ചർച്ച നടത്തിയശേഷം ഇറക്കുന്ന കാര്യം തീരുമാനിക്കും.