jjj

തിരുവനന്തപുരം : പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സലഭ്യമാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) നാളെ മുതൽ ഇൻഷ്വറൻസിന് പകരം അഷ്വറൻസായി മാറുന്നു.ക്ലൈം മാനേജ്മെന്റിന് ചുമതലയുണ്ടായിരുന്ന റിലയൻസ് ജനറൽ ഇൻഷ്വറൻസിന്റെ കരാർ ഇന്ന് അവസാനിക്കും. ചികിത്സച്ചെലവ് ആശുപത്രികൾക്കു സർക്കാർ നേരിട്ടു നൽകുന്ന അഷുറൻസ് രീതിയിയാണ് നാളെ മുതൽ നടപ്പാവുന്നത്. 41ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിലുള്ളത്. 214 സ്വകാര്യ ആശുപത്രികളും 188 സർക്കാർ ആശുപത്രികളും പദ്ധതിയുടെ ഭാഗമാണ്.

പദ്ധതി നടത്തിപ്പിനായി

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) രൂപീകരിച്ചെങ്കിലും പ്രവർത്തന സജ്ജമല്ല. ജില്ലാതലത്തിലും സംവിധാനമില്ല. പദ്ധതിയുടെ നടത്തിപ്പ് ചുമതല തൊഴിൽവകുപ്പിന് കീഴിലെ ചിയാകിനായിരുന്നു. ഇവരെ ഒഴിവാക്കിയാണ് എസ്.എച്ച്.എ രൂപീകരിച്ചത്. എന്നാൽ പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. ചിയാകിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അശോക് കുമാറിനെ ഫെബ്രുവരിയിൽ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് ലേബർ ഓഫീസർക്ക് ചുമതല നൽകി. ജില്ലാതലത്തിൽ ചിയാകിന്റെ പ്രോഗ്രാം മാനേജർമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എം.ബി.എ യോഗ്യതയുള്ള ഇവർക്ക് പകരം ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരെയാണ് എസ്.എച്ച്.എ ജില്ലാതലത്തിൽ കോ-ഓർഡിനേറ്റർമാരാക്കുന്നത്. ഇവരുടെ നിയമന നടപടി പൂർത്തിയായിട്ടില്ല. താഴേത്തട്ടിൽ ഏകോപന സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന സാധാരണക്കാർ വലയും. 2008ലാണ് ആർ.എസ്.ബി.വൈ ചിസ് എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. 2011മുതൽ വിപുലീകരിച്ചു. കഴിഞ്ഞവർഷമാണ് കാരുണ്യ സുരക്ഷാ പദ്ധതിയായി മാറിയത്.