തിരുവനന്തപുരം:കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നഗരത്തിൽ പൊലീസ് രാത്രികാല പരിശോധന ശക്തമാക്കി. രാത്രി 9 മുതൽ 5 വരെയാണ് കർശന പരിശോധന. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ അനാവശ്യ യാത്ര നടത്തിയ 15 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. രോഗവ്യാപനം തടയുന്നതിനായി കടകളിലും ഷോപ്പിംഗ് മാളുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പനി, ചുമ, ശ്വാസതടസം എന്നിവയുള്ള ജീവനക്കാരും ഉപഭോക്താക്കളും പ്രവേശിക്കരുതെന്നും അത്തരം ലക്ഷണമുള്ളവർ ദിശയുമായി (1056) ബന്ധപ്പെടണമെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നഗരത്തിൽ ലോക്ക് ഡൗൺ ലംഘിച്ച 107 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്രചെയ്ത 13 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 297 പേർക്കെതിരെയും നടപടിയെടുത്തു. സാമൂഹിക അകലം പാലിക്കാതെയും മാർഗ നിർദേശങ്ങൾ ലംഘിച്ചും രോഗവ്യാപനം ഉണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ച 13 കടകൾ പൂട്ടിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ, തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിക്ക് ശുപാർശ നൽകി. കണ്ടെയിൻമെന്റ് സോണുകളായ ആറ്റുകാൽ, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, കാലടി, ചിറമുക്ക്, ഐരാണിമുട്ടം, വളളക്കടവ് പുത്തൻപാലം, കരിക്കകം, കടകംപളളി, തൃക്കണ്ണാപുരം ടാഗോർ നഗർ എന്നീ സ്ഥലങ്ങളിലേക്ക് കടന്നുവരുന്ന റോഡുകൾ പൂർണമായും അടച്ചു കൊണ്ടുളള കർശനപരിശോധനയും നിരീക്ഷണവും തുടരും. ഇതിന്റെ ഭാഗമായി ശക്തമായ പട്രോളിംഗും ജനങ്ങൾ നിയമം ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്താൻ ഡ്രോൺ നിരീക്ഷണവും നടത്തുന്നതായി പൊലീസ് അറിയിച്ചു.