pic

കൊച്ചി: കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സിനിമാ ബന്ധമുള്ള കൂടുതൽ പേരെ വിളിച്ചുവരുത്തി വിവരം തേടാനുള്ള നീക്കം പൊലീസ് തുടങ്ങി. പ്രതികൾ ബന്ധം പുലർത്തിയതായി കണ്ടെത്തിയവരിൽ ചിലരെ ഇന്ന് മുതൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ഇവരിൽ ചിലർക്ക് ഗൂഡാലോചനയിൽ പങ്കുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മൊഴി നൽകിയവരിൽ ചിലരെ വീണ്ടും വിളിപ്പിച്ചേക്കും. അതിനിടെ ഷംനയിലേക്ക് എത്തിച്ചേരാൻ തട്ടിപ്പ്‌ സംഘത്തെ സഹായിച്ചവരുടെ കാര്യത്തിൽ ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് വിവരം. ഷംനയുടെ ഫോൺ നമ്പർ തട്ടിപ്പുകാർക്ക് നൽകിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ ഇന്ന് വിശദീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം ഷംന കാസിമിന് വിവാഹ ആലോചന നടത്തിയുള്ള വമ്പൻ തട്ടിപ്പിന് കഥ മെനഞ്ഞത് വിദേശത്തുള്ളയാളാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ വിദേശത്ത് നിന്ന് തിരികെയെത്തിയ ഇയാൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇയാളുടെ രോഗം ഭേദമായ ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കും. കേസുമായി ബന്ധപ്പെട്ട് ഷംന കാസിമിന്റെ മാതാപിതാക്കളുെടെ മൊഴി പൊലീസെടുത്തു. ഹൈദരബാദിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്ന ഷംനയുടെ മൊഴി പൊലീസ് ഇന്നോ നാളെയോ രേഖപ്പെടുത്തും.