കുവൈത്ത്: മുപ്പത് ശതമാനം ജീവനക്കാരുമായി കുവൈത്തിൽ ഇന്ന് മുതൽ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ച് തുടങ്ങും. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൻെറ ഭാഗമായാണിത്. റൊട്ടേഷൻ അടിസ്ഥാനത്തിലാവും ജീവനക്കാർക്ക് ജോലിക്കെത്താൻ നിർദേശം നൽകുക. ബാർബർ ഷോപ്പുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളും 30 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. മാളുകളും 30 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കും.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം. 37.5 ഡിഗ്രിയിൽ അധികം ശരീര ഊഷ്മാവ് ഉള്ളവരെ കടകളിൽ പ്രവേശിപ്പിക്കാൻ പാടില്ല. സാമൂഹിക അകലം പാലിക്കണം, നിരന്തരം ഉപയോഗിക്കുന്ന പ്രതലങ്ങൾ അണുവിമുക്തമാക്കണം, ഒരു ഫോണും കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും ഒന്നിലധികം പേർ ഉപയോഗിക്കരുത്, ഒന്നിലധികം ജീവനക്കാർ ഉപയോഗിക്കുന്ന മെഷീനുകൾക്കും ഉപകരണങ്ങൾക്കും അരികെ സ്‌റ്റെറിലൈസർ സ്ഥാപിക്കണം, ആരോഗ്യ സുരക്ഷ സംബന്ധിച്ച് ജീവനക്കാർക്ക് മാർഗനിർദേശം നൽകണം തുടങ്ങിയ നിബന്ധനകളാണ് സ്വകാര്യ സ്ഥാപനങ്ങൾ തുറക്കേണ്ടത്. നിയന്ത്രണങ്ങളിലെ ഇളവ് ഇന്ന് മുതൽ നിലവിൽ വരും.