interpol

തിരുവനന്തപുരം: കേരള പൊലീസിന്റെ പി ഹണ്ട് ഓപ്പറേഷനിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കും വിവരങ്ങൾ. കേരളത്തിലെ ആറിനും പതിനഞ്ചിനും ഇടയിലുള്ള പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, ചിത്രങ്ങളും ഡാർക് നെറ്റിലടക്കം പ്രചരിക്കുന്നു. പലതും പണം വാങ്ങിയുള്ള കൈമാറ്റമാണ് നടക്കുന്നത്. പെൺകുട്ടികളുടെ അശ്ശീല ദൃശ്യങ്ങൾ എടുത്തതിലൂടെ അവർ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ച് എത്രയും വേഗം അവരെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ശേഷം വൻ സാമ്പത്തിക ഇടപാടാണ് ഇതിലൂടെ നടക്കുന്നത്. പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായോയെന്ന് അറിയാൻ അവരെ കണ്ടെത്താനുള്ള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്. ദൃശ്യങ്ങളുടെ വിൽപ്പന കണ്ടെത്താൻ ഇന്റർപോൾ ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികളുടെ സഹായം ലഭിക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം വ്യക്തമാക്കി.

അതേസമയം പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്തവരെയും, അത് ഓൺലൈനിലൂെടെ കൈമാറിയവരെയും കണ്ടെത്താൻ ഇന്റർപോൾ അടക്കമുള്ള ഏജൻസികളുടെ സഹായം പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയ 47 പേരെ അറസ്റ്റ് ചെയ്തതിനൊപ്പം 180ലേറെ മൊബൈലും ലാപ്ടോപും പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക്ക് പരിശോധനക്ക് വിധേയമാക്കുന്നതോടെ ഇവർ കൈമാറ്റം നടത്തിയിട്ടുള്ളവരുടെ വിവരങ്ങളും ലഭിക്കും. ഇതോടെ കൂടുതൽ അറസ്റ്റിലേക്ക് പൊലീസ് കടക്കും.