വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആയുഷ് ചികിത്സാരീതികളായ യോഗ, പ്രകൃതിചികിത്സ, അക്യുപങ് ചർ വിഭാഗങ്ങൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. വർക്കല ഗവ. പ്രകൃതിചികിത്സാ കേന്ദ്രം മുൻ മേധാവി ഡോ.കെ.ആർ.ജയകുമാർ, ഡോ.അമൃത.ജെ.എസ് എന്നിവർ നേതൃത്വം നൽകും. പ്രകൃതിദത്തമായ രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗനിവാരണത്തിനുമുള്ള സൗകര്യങ്ങൾ ഈ വിഭാഗങ്ങളിലൂടെ ജനങ്ങൾക്ക് ലഭിക്കുമെന്ന് ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ഒപി വിഭാഗത്തിൽ യോഗക്രീയകൾ, ജലചികിത്സ, മസാജ്, ഡയറ്റ് പ്ലാൻ, കൊൺസിലിംഗ് തുടങ്ങിയ സേവനങ്ങൾക്ക് പുറമെ ഐ.പി വിഭാഗവും ഉണ്ടായിരിക്കും. അക്യുപങ് ചർ ഒ.പിയിൽ മൈഗ്രൈൻ, ആസ്ത്മ, സന്ധിവാതം, നടുവേദന, കഴുത്ത് വേതന എന്നിവയ്ക്ക് ചികിത്സ ലഭിക്കും. അമിതവണ്ണം കുറയ്ക്കുന്നതിന് പ്രകൃതി ചികിത്സ ഒപി, ഐ.പി വിഭാഗത്തിൽ പ്രത്യേക പാക്കേജുമുണ്ട്. ഡി ടോക്സിൻ പ്രോഗ്രാമിനും ഒ.പി ഐ.പി വിഭാഗങ്ങൾ ഉണ്ടായിരിക്കും. കൊവിഡ് 19 ഇമ്മ്യൂണിറ്റി പ്രോഗ്രാം, ഗർഭിണികൾക്കുളള സ്പെഷ്യൽ യോഗ, പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിന് ജെറിയാട്രിക് കെയർ, ജീവിത ശൈലിരോഗ നിയന്ത്റണവും ചികിത്സയും, രാവിലെയും വൈകിട്ടും യോഗക്ലാസുകൾ (സ്ത്രീകൾക്ക് പ്രത്യേകം) തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും. ചികിത്സ ആവശ്യമുളളവർക്കും യോഗക്ലാസിൽ ചേരുന്നതിനും ഡോക്ടറെ കാണുന്നതിനും തീയതിയും സമയവും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രകൃതിചികിത്സാ സാമഗ്രികൾക്കായി ആശുപത്രിയിൽ പ്രകൃതിഷോപ്പും പ്രവർത്തിക്കും. രജിസ്ട്രേഷന് 9400050200, 04702601228, 2602228, 2602248, 2602249 ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.