pic

തിരുവനന്തപുരം: ഇടതു മുന്നണിയിലേക്ക് ആരെങ്കിലും പുതുതായി വരുന്നെങ്കിൽ അക്കാര്യം എല്ലാവരും കൂടിയാലോച്ച് തീരുമാനമെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യത്തിൽ സി.പി.ഐ നിലപാടിൽ മാറ്റമില്ല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ സി.പി.ഐ നിലപാട് അപ്പോൾ പറയും. യു.ഡി.എഫ് ദുർബലപ്പെടുമ്പോൾ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാൻ സി.പി.ഐ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററായി സി.പി.ഐ പ്രവർത്തിക്കില്ല. എവിടെ നിൽക്കണമെന്ന് ജോസ് വിഭാഗം തീരുമാനിക്കും. അവരെ എവിടെയങ്കിലും കയറ്റിയെ അടങ്ങൂവെന്ന ധൃതി മാദ്ധ്യമങ്ങൾക്ക് വേണ്ട. മുഖ്യമന്ത്രി പറയുന്ന ഓരോ വാക്കിനും അഭിപ്രായം പറയാൻ തനിക്കാകില്ലെന്നും കാനം പറഞ്ഞു

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വ്യത്യാസമുണ്ട്. നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണ് എൽ.ഡി.എഫ്. മുന്നണിക്ക് ഒരു ഇടത് ഇമേജുണ്ട്. ആരെങ്കിലും ഓടി വന്നാൽ ഇങ്ങോട്ട് കയറ്റില്ലെന്നും കാനം നിലപാട് വ്യക്തമാക്കി.