കൊല്ലം: ഡൽഹിയിൽ നിന്നെത്തിയ മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്റ്റേഷനിലെത്തിയ എസ്.ഐയ്ക്ക് സസ്പെൻഷൻ. പുത്തൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ തിരുവല്ല സ്വദേശിയെയാണ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ പതിനഞ്ചിന് ഡൽഹിയിൽ നിന്ന് എത്തിയ മകൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലം വരുംവരെയും സുരേഷ്ബാബു സ്റ്റേഷനിൽ എത്തിയിരുന്നു. നാട്ടിലെത്തിയ മകൾ തിരുവല്ല ഇരവിപേരൂരിലെ വീടിന്റെ മുകളിലത്തെ മുറിയിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 25ന് എസ്.ഐയും ഭാര്യയും ചേർന്നാണ് സുഹൃത്തിന്റെ കാറിൽ മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയത്.
മതിയായ ജാഗ്രത പുലർത്താതെ സ്റ്റേഷനിലെത്തിയതിനാണ് സി.ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ പൊലീസ് സൂപ്രണ്ട് എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. എസ്.ഐയുമായി അടുത്ത് ഇടപഴകിയ ഏതാനും പൊലീസുകാർ ക്വാറന്റീനിൽ പോകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സും ആരോഗ്യ പ്രവർത്തകരുമെത്തി പുത്തൂർ സ്റ്റേഷൻ അണുവിമുക്തമാക്കി.