വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്ത്യാക്കാരെ കൊവിഡ് സാമ്പത്തികമായും, ആരോഗ്യപരമായും വളരെയധികം ബാധിച്ചുവെന്ന് സർവ്വേ റിപ്പോർട്ട്. ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്‌പോറ സ്റ്റഡീസാണ് നടത്തിയത്. ദീർഘകാല പദ്ധതികളെയും കൊവിഡ് ബാധിച്ചതായി സർവ്വേയിൽ പങ്കെടുത്ത അഞ്ചിൽ രണ്ട് ഇന്ത്യക്കാരും പറഞ്ഞു. ഇന്ത്യൻ വംശജരിൽ 30 ശതമാനം പേർക്കും ശമ്പളത്തിൽ കുറവുണ്ടായി. സർവേയിൽ പങ്കെടുത്ത ആറു പേരിൽ ഒരാൾക്ക് കൊവിഡ് ബാധിക്കുകയോ കുടുബാംഗങ്ങളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.
വളരെ കുറച്ച് ഇന്ത്യക്കാർക്ക് മാത്രമാണ് താമസ, കുടിയേറ്റ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്. കുടുംബ ബന്ധങ്ങളിൽ ഗുണകരമായ മാറ്റങ്ങളുണ്ടായി. മാനസിക പിരിമുറുക്കവും, നിരാശയും വർദ്ധിച്ചതായി സർവേയിൽ പങ്കെടുത്ത നാലിലൊന്നു പേർ സമ്മതിച്ചു. കൊവിഡ് കാലത്ത് ഭൂരിഭാഗം ഇന്ത്യൻ വംശജരും ജീവിതശൈലി മാറ്റിയതായും സർവേ വെളിപ്പെടുത്തുന്നു.
മാസ്‌ക്, ഭക്ഷണം, വൈദ്യസഹായം, താമസ ക്രമീകരണം എന്നിവ ഉപയോഗിച്ച് മുഖ്യധാരാ ജനതയെ സഹായിക്കാൻ ഇന്ത്യൻ- അമേരിക്കക്കാരുടെ വിവിധ സംഘടനകളും വ്യക്തികളും സന്നദ്ധരായിട്ടുണ്ട്. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയിലാണ്. 25 ദശലക്ഷത്തിലധികം രോഗികൾ. 1,25,000 മരണങ്ങളും.