cm

തിരുവനന്തപുരം: പാലായിലെ വിജയത്തിന് കാരണം കേരള കോൺഗ്രസിലെ ചേരിപ്പോരെന്ന നിലപാടിൽ ഇടതു നേതാക്കൾക്കെതിരെ പരാതിയുമായി മാണി സി കാപ്പൻ മുഖ്യമന്ത്രിയെ കണ്ടു. ഇടതു നേതാക്കൾ ജയത്തെ ഇകഴ്‌ത്തി സംസാരിക്കുകയാണെന്നും ജയം തന്റെ കഴിവുകൊണ്ടാണെന്നും കാപ്പൻ മുഖ്യമന്ത്രിയോട് പറഞ്ഞു. ഇടതുനേതാക്കൾ നടത്തുന്ന പരസ്യപ്രസ്താവനകളാണ് മാണി സി കാപ്പനെ ചൊടിപ്പിച്ചത്. ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തെക്കുറിച്ച് പറയാൻ നിലവിൽ താൻ ആളല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

അതേസമയം യു.ഡി.എഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കോട്ടയം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ മൂന്ന് നേതാക്കൾ കൂടി പാർട്ടിവിട്ടു. പാല നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ ടോണി തോട്ടത്തിൽ, കൗൺസിലർമാരായ ജോബി വെള്ളാപ്പാണിയിൽ, ടോമി തറക്കുന്നേൽ എന്നിവരാണ് പാർട്ടി വിട്ടത്. കോട്ടയം ജില്ല സെക്രട്ടറി ജോസ്‌മോൻ മുണ്ടയ്ക്കൽ രാവിലെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിൽ ചേർന്ന് പ്രവർത്തിക്കുമെന്നും യു.ഡി.എഫിന്റെ ഭാഗമല്ലാത്ത പാർട്ടിക്കൊപ്പം നിൽക്കാനാവില്ലെന്നും ജോസ്‌മോൻ പ്രതികരിച്ചിരുന്നു.