mohanan

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് കുളപ്പട സുവർണ നഗർ എഥൻസിൽ കെ.മോഹനന്റെ (58)​ തിരോധാനത്തിൽ ഒന്നരമാസമായിട്ടും തുമ്പില്ലാതെ പൊലീസ്. തിരുവനന്തപുരം റൂറൽ എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിൽ തുടരുന്ന അന്വേഷണത്തിൽ ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്രിമിനൽ സംഘങ്ങളുൾപ്പെടെ നൂറ് കണക്കിന് പേരെ ചോദ്യം ചെയ്തെങ്കിലും മോഹനനെപ്പറ്റി യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല.


ഇക്കഴിഞ്ഞ മെയ് എട്ടാം തീയതി തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ, പേരൂർക്കട-നെടുമങ്ങാട് റോഡിൽ വച്ച് പട്ടാപ്പകലാണ് മോഹനനെ കാണാതായത്. ഭാര്യാസഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പറണ്ടോട് ശാഖയുടെ മേൽനോട്ടക്കാരനായിരുന്നു മോഹനൻ. കഴിഞ്ഞ 13 വർഷമായി സ്ഥാപനത്തിൽനിന്ന് ബാങ്കിലേക്ക് പണവും സ്വർണവും കൊണ്ടുപോകുന്നതും എടുക്കുന്നതും ഇദ്ദേഹം തന്നെയായിരുന്നു.

മെയ് എട്ടാം തീയതിയും പതിവ് പോലെ പേരൂർക്കടയിലെ ബാങ്കിലെത്തി. 50 പവനും 64000 രൂപയുമായി അവിടെനിന്ന് കെ.എൽ 21.പി. 2105 രജിസ്‌ട്രേഷൻ നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറിൽ മടങ്ങുകയും ചെയ്തു. പേരൂർക്കട- നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫീസിന് സമീപം വരെ മോഹനനെത്തിയതായി തെളിവ് ലഭിച്ചു. കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ പകൽ 11.02ന് മോഹനൻ സ്‌കൂട്ടറിൽ കടന്നുപോകുന്ന ദൃശ്യമുണ്ട്. എന്നാൽ പിന്നീട് പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര ഇല്ല.

പിന്നീടാരും മോഹനനെ കണ്ടിട്ടുമില്ല. അന്നുച്ചയ്ക്ക് മഞ്ചയെന്ന സ്ഥലത്ത് മോഹനന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. മോഹനനൊപ്പം കാണാതായ ഇയാളുടെ വാഹനവും എവിടെ നിന്നും കണ്ടെത്തിയിട്ടില്ല. സാമ്പത്തിക ബാദ്ധ്യതകളോ കുടുംബപ്രശ്നങ്ങളോ ഒന്നുമില്ലാത്ത മോഹനന് നാട് വിടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ.

സ്വ‍ർണവും പണവുമായി സ്ഥിരമായി ബാങ്കിൽ വന്നുപോകുന്നത് മനസിലാക്കിയ ആരെങ്കിലും കവർച്ച ലക്ഷ്യമാക്കി മോഹനനെ തട്ടിക്കൊണ്ടുപോയതാണോയെന്നാണ് വീട്ടുകാരുടെ സംശയം. പൊലീസും ഈ സംശയം മുൻനിർത്തി ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും യാതൊരു സൂചനകളും ലഭിച്ചിട്ടില്ല.

ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്രിമിനലുകളുടെയും ഗുണ്ടകളുടെയും ഉൾപ്പെടെ നിരവധി ഫോൺ നമ്പരുകളും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലോക്ക് ഡൗൺ കാലത്തായിരുന്നു സംഭവമെന്നതിനാൽ സംസ്ഥാനത്തിന് പുറത്തേക്ക് തട്ടിക്കൊണ്ടുപോകൽ പോലുള്ള സംഭവങ്ങൾക്ക് സാദ്ധ്യത വിരളമാണെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാരണത്താൽ തിരുവനന്തപുരവും അയൽജില്ലകളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നേറുന്നത്. ലുക്ക് ഔട്ട് നോട്ടീസുൾപ്പെടെ പ്രസിദ്ധീകരിച്ച് മോഹനന് വേണ്ടി ഇപ്പോഴും അന്വേഷണം തുട‌ർന്നുവരികയാണെന്ന് റൂറൽ എസ്.പി വെളിപ്പെടുത്തി. മോഹനനെ കണ്ടെത്താൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് വീട്ടുകാർ ഒരുലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കേസ് അന്വേഷണസംഘത്തിലുൾപ്പെട്ട പൊലീസുകാരെന്ന വ്യാജേന മോഹനന്റെ വീട്ടുകാരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച നെയ്യാറ്റിൻകര സ്വദേശികളായ രണ്ടുപേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.