covid

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സാദ്ധ്യതകൾ ഉണ്ടെന്ന് സൂചന നൽകി ഐ.എം.എ. ആരോഗ്യപ്രവർത്തകർക്കെല്ലാം കൊവിഡ് പരിശോധന നടത്തണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഇതുസംബന്ധിച്ച കത്ത് ഐ.എം.എ മുഖ്യമന്ത്രിക്ക് നൽകി.

സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ കൊവിഡ് പരിശോധന നടത്തണമെന്നാണ് ഐ.എം.എയുടെ ആവശ്യം. സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു . സ്വകാര്യ മേഖലയിൽ കൂടി കൊവിഡ് ചികിത്സ ലഭ്യമാക്കണം. കാരുണ്യ പദ്ധതിയിൽ കൊവിഡ് ചികിത്സ കൂടി ഉറപ്പാക്കണമെന്നും ഐ.എം.എ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. മുംബയിൽ നിന്നെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 27ന് മരിച്ച ഇദ്ദേഹത്തിന് മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹമടക്കം ശാരീരിക അവശതകളുണ്ടായിരുന്ന ഇദ്ദേഹത്തെ മുംബയിൽ നിന്നെത്തിയ ഉടനെ നേരിട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.