മുടപുരം: പൊതുവിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി മുടപുരം ഗവ.യു.പി സ്കൂൾ 'സ്മാർട്ടാ"ക്കി. സ്കൂളിൽ തയ്യാറാക്കിയ നാല് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തിൽ നിന്നുമനുവദിച്ച ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ക്ലാസ് മുറികളും സ്കൂൾ ഹെഡ്മിസ്ട്രസും എസ്.എം.സി കമ്മിറ്റിയും ചേർന്ന് കമ്പ്യൂട്ടർ ലാബായി പ്രവർത്തിച്ചിരുന്ന മുറിയുമാണ് സ്മാർട്ട് ക്ലാസ് റൂമാക്കി മാറ്റിയത്. ഹെഡ്മിസ്ട്രസ് മുൻകൈയെടുത്ത് ഈ കെട്ടിടത്തിന്റെ അകവും പുറവും 25000 രൂപ മുടക്കി വർണചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു.പ്രധാന ഗേറ്റിൽ നിന്നുള്ള പാതയുടെ ഇരുവശത്തും പുല്ലും ചെടികളും വച്ച് പിടിപ്പിച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. എൽ.കെ.ജി.മുതൽ ഏഴാം ക്ലാസ് വരെ മുന്നൂറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ വർഷം മുതൽ ഒന്നാം ക്ലാസിൽ മലയാളം മീഡിയത്തിനു പുറമെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിച്ചു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനത്തിനായി തെങ്ങുവിള ഭഗവതി ക്ഷേത്രം ഊട്ടുപുരയിൽ പ്രാദേശിക പ്രതിഭാ കേന്ദ്രവും ഉണ്ട്.
ഇവിടെയുള്ളത് 300 ലധികം വിദ്യാർത്ഥികൾ
ചെലവഴിച്ചത് 6 ലക്ഷം രൂപ
പഴയ കെട്ടിടം ജീർണാവസ്ഥയിൽ
പുതിയ കെട്ടിടം അത്യാവശ്യം
കോമ്പൗണ്ടിൽ ഇന്റർലോക്കിടും
പരിമിതിയിലും വികസനം
സ്കൂളിന് ആകെ 50 സെന്റിനകത്ത് സ്ഥലമേയുള്ളൂ എന്നത് വികസനത്തിന് തടസമുണ്ടാക്കുന്നുണ്ട്. എന്നിട്ടും ഈ പരിമിതിക്കകത്ത് നിന്നുകൊണ്ടാണ് വികസനം നടത്തിയത്. ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുഖേന പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിവേദനം നൽകിയിരിക്കുകയാണ് പൂർവ വിദ്യാർത്ഥി സംഘടനയായ മുടപുരം യു.പി സ്കൂൾ ജനകീയ കൂട്ടായ്മ. ഇതിനു പുറമെ സ്കൂൾ കോമ്പൗണ്ടിൽ ഇന്റർലോക്ക് ചെയ്യാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്ന സ്കൂളിൽ പുതിയ ഒരു സ്കൂൾ ബസ് കൂടി ആവശ്യമാണ്. വെർട്ടിക്കൽ ഗാർഡൻ ഉൾപ്പെടെയുള്ള ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കണം. ഇതിനായി എല്ലാവരുടെയും സഹായം ആവശ്യമാണ്.
കെ.എസ്. വിജയകുമാരി,
ഹെഡ്മിസ്ട്രസ്, മുടപുരം യു.പി സ്കൂൾ