അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള വിലപേശലിനൊടുവിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ജോസ് വിഭാഗം യു.ഡി.എഫിൽ നിന്നു കഴിഞ്ഞ ദിവസം പടിക്കു പുറത്തായിരിക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ജോസ് വിഭാഗവും പി.ജെ. ജോസഫ് വിഭാഗവും തമ്മിൽ നിലനിന്ന തർക്കത്തിന് പരിഹാരമുണ്ടാകാത്തതാണ് ഇപ്പോഴത്തെ പുറത്താക്കൽ നടപടിയിലെത്തിയതെങ്കിലും ഇരുകൂട്ടരും തമ്മിലുള്ള സ്പർദ്ധയും അധികാര വടംവലിയും ലയന കാലത്തുതന്നെ തുടങ്ങിയതാണ്.
സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമായി കേരള കോൺഗ്രസിലെ വിവിധ വിഭാഗങ്ങൾ മാറിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാർ മുഖ്യധാരാ രാഷ്ട്രീയക്കാർ തന്നെയാണ്. ഏതെങ്കിലുമൊരു മുന്നണിയോട് ഒട്ടിനിന്ന് വിലപേശലിലൂടെ പരമാവധി ആനുകൂല്യങ്ങൾ നേടുന്നതിനപ്പുറം സംസ്ഥാനത്തിന് പൊതുവായി നന്മയൊന്നും ഇവർ ഉണ്ടാക്കിയിട്ടില്ല. മാത്രമല്ല മതാധിഷ്ഠിത രാഷ്ട്രീയം എത്രമാത്രം ആപൽക്കരമാകാമെന്ന് പലവട്ടം ഈ ചെറുകക്ഷികൾ കാണിച്ചുതന്നിട്ടുമുണ്ട്.
സമ്മർദ്ദത്തിലൂടെയും വിലപേശലിലൂടെയും വലിയ കക്ഷികളെ വരുതിയിൽ നിറുത്തി സ്വന്തക്കാർക്കും ബന്ധക്കാർക്കും ചാർച്ചക്കാർക്കുമൊക്കെ തരാതരം പോലെ നേട്ടങ്ങൾ സമ്മാനിക്കുക എന്നതാണ് അവരുടെ എന്നത്തെയും മിനിമം പരിപാടി. ആൾബലവും ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോട്ടവും പാരമ്പര്യവുമുള്ള മുഖ്യ കക്ഷികളിലെ ദീർഘകാല പ്രവർത്തന പാരമ്പര്യമുള്ള നേതാക്കൾക്കു പോലും ലഭിക്കാത്ത സ്ഥാനമാനങ്ങൾ അനായാസം നേടിയെടുക്കാനും അവർക്കു കഴിയാറുണ്ട്.
ഏതെങ്കിലുമൊരു മുന്നണിയിൽ എപ്പോഴും ഇടം ലഭിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് എപ്പോൾ വേണമെങ്കിലും മുന്നണി വിടാനോ സ്വന്തം വിഭാഗത്തിൽത്തന്നെ പിളർപ്പുണ്ടാക്കി കൂടുതൽ പച്ചപ്പുള്ള മേച്ചിൽപ്പുറത്തേക്കു ചാടാനോ അവർ തയാറാകുന്നത്. കോൺഗ്രസ് പാർട്ടി പിളർന്നു രൂപം കൊണ്ട കാലം മുതൽ ഇതുവരെ എത്രയെത്ര കേരള കോൺഗ്രസുകളെ കാണേണ്ടിവന്നു എന്ന കൃത്യമായ കണക്ക് പെട്ടെന്നു പറയാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല. കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്കു ചിരിക്കാൻ വക ഒരുക്കിയതൊഴിച്ചാൽ കേരള കോൺഗ്രസിലെ ഇപ്പോഴത്തെ നാടകത്തിന് കൗതുകമൊന്നുമില്ല.
കേരള കോൺഗ്രസിൽ ഇപ്പോഴുണ്ടായ കലഹവും വഴിപിരിയലുമൊക്കെ ആ പാർട്ടിയുടെ ജനിതകമാറ്റമായി കരുതാമെങ്കിലും അതിനു പിന്നിലെ രാഷ്ട്രീയ സദാചാരമില്ലായ്മയും അധികാര സ്ഥാനങ്ങളോടുള്ള ആർത്തിയും കണ്ടില്ലെന്നു നടിക്കാനാവില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും പി.ജെ. ജോസഫും തമ്മിൽ ഉടലെടുത്ത തർക്കം പരിഹരിക്കാൻ യു.ഡി.എഫ് ഫോർമുല തയാറാക്കിയിരുന്നതാണ്. കഴിഞ്ഞ വർഷം ഒഴിവു വന്ന പ്രസിഡന്റ് സ്ഥാനം എട്ട് മാസം ജോസ് വിഭാഗത്തിനും ശേഷിക്കുന്ന ആറുമാസം ജോസഫ് വിഭാഗത്തിനും എന്നായിരുന്നു ധാരണ. എന്നാൽ സമയമെത്തിയിട്ടും സ്ഥാനം ഒഴിഞ്ഞുകൊടുക്കാൻ ജോസ് വിഭാഗം തയാറായില്ല.
യു.ഡി.എഫ് നേതൃത്വം പലവട്ടം ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറുകയാണു ചെയ്തത്. അന്ത്യശാസനം നൽകിയിട്ടുപോലും ഫലമുണ്ടായില്ല. അങ്ങനെയാണ് തിങ്കളാഴ്ച വൈകിട്ട് അന്ത്യശാസന സമയ പരിധി അവസാനിച്ചപ്പോൾ യു.ഡി.എഫ് നേതൃത്വം ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിൽ നിന്നു പുറത്താക്കിയത്. തന്നെയോ തന്റെ കീഴിലുള്ള പാർട്ടി വിഭാഗത്തെയോ അല്ല യു.ഡി.എഫ് രൂപീകരണത്തിൽ മുഖ്യ സാരഥ്യം വഹിച്ചവരിലൊരാളായ യശഃശരീരനായ കെ.എം. മാണിയെയാണ് യു.ഡി.എഫ് നേതൃത്വം ചവിട്ടിപ്പുറത്താക്കിയിരിക്കുന്നതെന്നാണ് അപഹാസ്യമായ ഈ രാഷ്ട്രീയ നാടകത്തിനൊടുവിൽ ജോസ് കെ. മാണി മാദ്ധ്യമങ്ങൾക്കു മുൻപാകെ വിലപിച്ചത്.
നാടകം ആദ്യവസാനം കണ്ടുകൊണ്ടിരുന്നവരിൽ ആർക്കും തന്നെ ഉൾക്കൊള്ളാവുന്നതായിരുന്നില്ല ഈ ആത്മാലാപം. സ്വയം കൃതാനർത്ഥമെന്നതിനപ്പുറം ഒരുവിധ രാഷ്ട്രീയ അനീതിയും ഇതിൽ ദർശിക്കാനുമാകില്ല. മുന്നണി മര്യാദയ്ക്കും രാഷ്ട്രീയ നീതിബോധത്തിനും നിരക്കാത്ത നിലപാടുമായി യു.ഡി.എഫിനെ ഒന്നാകെ വെല്ലുവിളിക്കാൻ മുതിർന്ന ഒരു നേതാവും അദ്ദേഹത്തിന്റെ ഗ്രൂപ്പും മുന്നണിയിൽ വേണ്ട എന്ന തീരുമാനം ഏറെക്കാലത്തിനു ശേഷം യു.ഡി.എഫ് എടുത്ത ഏറ്റവും ധീരമായ നിലപാടു തന്നെയാണ്. ഇതിൽ എത്രനാൾ നേതൃത്വം ഉറച്ചുനിൽക്കുമെന്നേ ഇനി അറിയാനുള്ളൂ.
മുന്നണി വിട്ടുപോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന ഘടകകക്ഷികളെ സ്വീകരിക്കാൻ പുറത്ത് ഏതെങ്കിലുമൊരു മുന്നണി സദാ ഉള്ളതുകൊണ്ട് ജോസ് വിഭാഗം കേരള കോൺഗ്രസിന് അധികകാലം അനാഥനിലയിൽ കഴിയേണ്ടിവരികയില്ല. നേടാനുള്ളതു നേടി യു.ഡി.എഫിൽ നിന്നു സ്വയം പുറത്തുപോകാൻ അവസരം സൃഷ്ടിച്ചെടുത്തതിനു പിന്നിലും ഈ കുശാഗ്രബുദ്ധിയാണു തെളിയുന്നത്. മുന്നണികൾക്കു ഭാരവും ബാദ്ധ്യതയുമാകുന്ന ചെറുകക്ഷികളെ അകറ്റി നിറുത്തി മുഖ്യധാരാ രാഷ്ട്രീയം ശുദ്ധീകരിക്കാൻ വല്ലപ്പോഴും ഇതുപോലെ ലഭിക്കുന്ന കനകാവസരം പ്രയോജനപ്പെടുത്താൻ നിർഭാഗ്യവശാൽ ഒരു നീക്കവും ഉണ്ടാകാറില്ല.
രണ്ടു പ്രബല മുന്നണികളും താത്‌കാലിക രാഷ്ട്രീയ ലാഭം നോക്കി വന്നുചേരുന്ന ഏതു ഗ്രൂപ്പിനെയും കൂടെ കൂട്ടാനാണു ശ്രമിക്കാറുള്ളത്. മുന്നണിക്കുള്ളിൽത്തന്നെ ഇതിനെതിരെ മുറുമുറുപ്പുണ്ടാകാറുണ്ട്. തങ്ങൾക്കു ലഭിക്കേണ്ട അവസരങ്ങൾ പങ്കുവയ്ക്കേണ്ടിവരുന്നതിലെ അമർഷം ചിലപ്പോൾ അണപൊട്ടാറുമുണ്ട്. പ്രതിഷേധക്കാരെ വാഗ്ദാനങ്ങൾ നൽകി ഒതുക്കാൻ നേതൃത്വത്തിനറിയാം. ക്ഷണിക്കപ്പെടാത്ത അതിഥികളായി വന്ന് സ്ഥാനമാനങ്ങൾ തട്ടിയെടുക്കുമ്പോൾ വിശ്വസ്ഥതയും കൂറുമുള്ള പ്രവർത്തകരുടെ അവസരമാണ് ഇല്ലാതാകുന്നത്.
കേരള കോൺഗ്രസിൽ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ ഒരുപക്ഷേ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായി ഒഴിഞ്ഞുപോയാലും അത്ഭുതപ്പെടേണ്ടതില്ല. സ്ഥിതിഗതി ചർച്ച ചെയ്യാൻ യു.ഡി.എഫ് നേതൃത്വം ഇന്നു യോഗം ചേരുന്നുണ്ട്. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് ഗ്രൂപ്പിനു വിട്ടുകൊടുക്കാൻ ജോസ് കെ. മാണി തയാറായാൽ പ്രശ്നം രമ്യമായി തീരാവുന്നതേയുള്ളൂ. തിരഞ്ഞെടുപ്പിന് അധികം നാളുകളില്ലാത്തതിനാൽ ഓരോ വോട്ടും പരമപ്രധാനമാണെന്ന് അറിയാവുന്നവർ തന്നെയാണ് യു.ഡി.എഫ് നേതൃത്വത്തിലുമുള്ളത്.