ജനീവ: കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിനായി അടുത്ത ആഴ്ച പ്രത്യേക സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡ് മൃഗങ്ങളിൽ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തിൽ സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ ഏജൻസി ചൈനയോട് ആവശ്യപ്പെട്ടിരുന്നു. വൈറസിന്റെ ഉറവിടം അറിയുക എന്നത് വളരെയധികം പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു.
എങ്ങനെയാണ് വൈറസ് ഉത്ഭവിച്ചതെന്ന് ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ അറിഞ്ഞാൽ വൈറസിനെതിരെ കൂടുതൽ ഫലപ്രദമായി പോരാടാൻ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. അതിനു വേണ്ടി അടുത്ത ആഴ്ച ഒരു സംഘം ചൈന സന്ദർശിക്കും. വൈറസിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മൃഗങ്ങളിൽ നിന്നായിരിക്കാം ഈ വൈറസ് മനുഷ്യരിലേക്കെത്തിയതെന്ന് ശാസ്ത്രജ്ഞരും ഗവേഷകരും അനുമാനിക്കുന്നു. കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിലെ മാംസചന്തയിൽ നിന്നാണ് ആദ്യമായി കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ സംഘത്തിന്റെ രൂപീകരണത്തെക്കുറിച്ചോ പ്രത്യേക ദൗത്യത്തെ കുറിച്ചോ അദ്ദേഹം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.