മലപ്പുറം: കേരള കോൺഗ്രസ് വിഷയത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടാൽ മദ്ധ്യസ്ഥതക്ക് തയ്യാറാണെന്ന് മുസ്ലിം ലീഗ്. ജോസ് കെ മാണിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചുവെന്ന് യു.ഡി.എഫിൽ ആരും പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ് വിഷയത്തിൽ മുസ്ലീം ലീഗ് എല്ലാ ചർച്ചയും നടത്തി. യു.ഡി.എഫ് ചുമതലപെടുത്തിയാൽ ഇനിയും ചർച്ച തുടരും. ജോസ് കെ.മാണിയെ മാറ്റി നിർത്തിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേ സമയം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം യു.ഡി.എഫിനെതിരേയും പിജെ ജോസഫിനെതിരേയും രൂക്ഷമായി വിമർശിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. പി.ജെ ജോസഫിന് രാഷ്ട്രീയ അഭയം കൊടുത്തതാണ് തെറ്റായിപ്പോയതെന്നും പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഒരു കാരണവുമില്ലാതെയാണ് യു.ഡി.എഫുമായുണ്ടായിരുന്ന ഹൃദയ ബന്ധം മുറിച്ച് മാറ്റിയത്. ഒരു തദ്ദേശ സ്ഥാപനത്തിലെ പദവിക്ക് വേണ്ടി മുന്നണി രൂപീകരിക്കാൻ കൂടെ നിന്ന പാർട്ടിയെ പുറത്താക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.