wuhan

ബീജിംഗ് : ചൈനയിലെ വുഹാനിൽ കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിൽ കഴിഞ്ഞിരുന്ന 26 വയസുകാരന് അഞ്ച് മാസം കൊണ്ട് കൂടിയത് 101 കിലോഗ്രാം. ജൂൺ ഒന്നിനാണ് സൗ എന്ന വുഹാൻ സ്വദേശിയായ യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീര ഭാരം അമിതമായി കൂടിയതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായ സൗവിനെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇപ്പോൾ 279 കിലോഗ്രാം ( 616 പൗണ്ട് ) ഭാരമാണ് സൗവിനുള്ളത്. വുഹാനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായി മാറിയിരിക്കുകയാണ് സൗ.

ജനുവരി അവസാനത്തോടെ വുഹാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഇന്റർനെറ്റ് കഫേ ജീവനക്കാരനായ സൗ വീടിന് പുറത്തിറങ്ങിയിട്ടില്ല. ഏപ്രിൽ ആദ്യവാരങ്ങളിൽ നിയന്ത്രണങ്ങളിൽ അധികൃതർ ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങിയെങ്കിലും സൗ വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഭാരം കൂടിയതിനാൽ അനങ്ങാൻ പോലുമാകാതെ ബുദ്ധിമുട്ടുകയായിരുന്നു സൗ എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നു. വുഹാൻ യൂണിവേഴ്സിറ്റിയിലെ സോംഗ്‌നാൻ ആശുപത്രിയിലാണ് സൗവിനെ ഒടുവിൽ പ്രവേശിപ്പിച്ചത്. സൗവിനെ പരിശോധനയ്ക്ക് വിധേയമാക്കുന്ന ചിത്രങ്ങളും വീഡിയോ ഫൂട്ടേജുകളും ആശുപത്രി അധികൃതർ പുറത്തുവിട്ടിരുന്നു.

ചെറുപ്പം മുതൽ സൗവിനെ അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. മെലിയാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല. അഞ്ച് അടി ഏഴ് ഇഞ്ച് ഉയരക്കാരനായ സൗവിന് കഴിഞ്ഞ വർഷം ഡിസംബറിൽ രേഖപ്പെടുത്തിയിരുന്ന ഭാരം 177 കിലോഗ്രം ( 392 പൗണ്ട് ) ആയിരുന്നു.കൊവിഡ് വൈറസ് വ്യാപനം തടയാൻ അതീവ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് കീഴിലാണ് വുഹാൻ നിവാസികൾ കഴിഞ്ഞിരുന്നത്. നഗരത്തിൽ 11 ദശലക്ഷം ജനങ്ങൾ ഏപ്രിൽ 8 വരെ അവശ്യകാര്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങിയില്ല.

ഈ കാലയളവിൽ സർക്കാർ നിർദേശം പാലിച്ച് സൗവും തന്റെ വീട്ടിൽ തുടരുകയായിരുന്നു. എന്നാൽ വ്യായാമം ഇല്ലാത്തതും ആഹാരം കഴിച്ചും ഉറങ്ങിയുമുള്ള ദിനചര്യ സൗവിന്റെ ഭാരം ഇരട്ടിയാകാൻ കാരണമായി. തുടർച്ചയായി ഉറങ്ങാൻ പോലുമാകാതെ വന്നതോടെ സൗ സോംഗ്‌നാൻ ആശുപത്രിയിലേക്ക് ഫോൺ ചെയ്യുകയായിരുന്നു. നല്ലവണം സംസാരിക്കാൻ പോലും സൗവിന് കഴിഞ്ഞിരുന്നില്ല. ആറ് സെക്യൂരിറ്റി ഗാർഡുകളും നാല് ആരോഗ്യ പ്രവർത്തകരും ചേർന്നാണ് സൗവിനെ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കയിലേക്ക് എത്തിച്ചത്.

സൗവിന് ഹൃദയ, ശ്വാസകോശ സംബന്ധമായ തകരാറുകളും ഡോക്ടർമാർ കണ്ടെത്തി. ഒമ്പത് ദിവസം ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സൗവിന്റെ ആരോഗ്യ സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്. സൗവിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും റെഗുലർ വാർഡിലേക്ക് മാറ്റി. വരുന്ന മൂന്ന് മാസത്തിനുള്ളിൽ 24 കിലോയോളം ഭാരം കുറച്ചാൽ മാത്രമേ സൗവിന് ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാൻ കഴിയൂ. സൗവിന്റെ ഭാരത്തെ പറ്റി അറിയിച്ച ഡോക്ടർമാർ എന്തുകൊണ്ടാണ് ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇദ്ദേഹത്തിന് ഇത്രയും ഭാരം കൂടാനുള്ള യഥാർത്ഥ കാരണം എന്ന് വ്യക്തമാക്കിയില്ല.