സാവോ പോളോ: അർജന്റീനയിലും ബ്രസീലിലും ആശങ്ക പരത്തി വെട്ടുകിളി ആക്രമണം. പരാഗ്വയിൽ നിന്നുമാണ് വെട്ടുകിളികൾ അർജന്റീനയിലേക്ക് കടന്നിരിക്കുന്നത്. ഒരു ദിവസം 150 കിലോമീറ്ററോളം ദൂരം ഇവയ്ക്ക് സഞ്ചരിക്കാനാകുമെന്നാണ് കണക്ക്. ബ്രസീലിലെ കർഷകർക്ക് സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കെനിയയിലും ഇന്ത്യയിലുമാണ് വെട്ടുകിളി ആക്രമണം രൂക്ഷമായി തുടരുന്നത്.കടുത്ത വെട്ടുകിളി ആക്രമണത്തെ തുടർന്ന് ഭക്ഷ്യക്ഷാമ ഭീഷണിയിലാണ് എത്യോപ്യ, സൊമാലിയ, ഉഗാണ്ട എന്നീ രാജ്യങ്ങൾ.
വെട്ടുകിളി ആക്രമണത്തെ തുടർന്ന് അർജന്റീനയിലെ സാന്റാ ഫെ, ഫോർമോസ പ്രവിശ്യകളിലെ കരിമ്പ്, ഗോതമ്പ്, ഓട്സ്, ചോളം കൃഷികൾക്ക് വ്യാപകമായ നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോറിയെന്റെസ് പ്രവിശ്യയിലേക്ക് നീങ്ങിയ വെട്ടുകിളികളെ നശിപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോറിയെന്റെസിനോട് അതിർത്തി പങ്കിടുന്ന ബ്രസീലും ഉറുഗ്വയും സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. അർജന്റീനയും ചുറ്റുമുള്ള രാജ്യങ്ങളും ഇതാദ്യമായല്ല വെട്ടുകിളി ഭീഷണി നേരിടുന്നത്. 2017ലും 2019ലും അർജന്റീനയിൽ വൻ വെട്ടുകിളി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കൊവിഡ് വൈറസ് വ്യാപനം ഗുരുതരമായി തുടരുമ്പോൾ വെട്ടുകിളികളുടെ കടന്ന് വരവ് ബ്രസീലിന് കനത്ത തിരിച്ചടിയായേക്കും.
നിലവിൽ മേയ് 21 മുതൽ അർജന്റീനയിലെ വിളകൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് 40 ദശലക്ഷത്തോളം വെട്ടുകിളികൾ. കഴിഞ്ഞാഴ്ചയാണ് ഇക്കൂട്ടർ അർജന്റീനയുടെ കിഴക്കൻ പ്രദേശങ്ങളിലേക്കും ബ്രസീലിയൻ അതിർത്തി മേഖലകളിലേക്കും നീങ്ങി തുടങ്ങിയത്. റിയോ ഗ്രാന്റെ ഡോ സൾ, സാന്റാ കാറ്ററീന എന്നീ ബ്രസീലിയൻ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളായി ബ്രസീലിൽ പെയ്യുന്ന മഴയും തണുത്ത കാലാവസ്ഥയും വെട്ടുകിളികളുടെ വരവിന്റെ വേഗത കുറച്ചതായി നിരീക്ഷകർ പറയുന്നു.